തടിച്ചുകൂടി ജനം, തിരക്കിലമർന്ന് റാംപഥ്; വാഹനം തടഞ്ഞപ്പോൾ കിലോമീറ്ററുകൾ നടന്ന് ഭക്തസംഘങ്ങൾ
Mail This Article
അയോധ്യ ∙ രാമക്ഷേത്രത്തിലേക്കെത്താനുള്ള റാം പഥ് ഇന്നലെ തിരക്കിലമർന്നു. ഫൈസാബാദിൽനിന്നു തന്നെ വാഹനങ്ങൾ തടഞ്ഞപ്പോൾ പലരും കിലോമീറ്ററുകൾ നടന്നു. പ്രധാന ഗേറ്റിനു മുൻപിൽ തടിച്ചുകൂടിയ ജനങ്ങളെ നിയന്ത്രിക്കാൻ എണ്ണായിരത്തിലേറെ വരുന്ന പൊലീസും ദ്രുതകർമ സേനയും പാടുപെട്ടു.
ക്ഷേത്രത്തിൽ തിരക്കേറിയതോടെ നടപ്പന്തലിൽ ആളുകളെ ഇരുത്തി ഘട്ടം ഘട്ടമായാണ് അകത്തേക്കു വിട്ടത്. മൊബൈൽ ഫോണുകൾ അനുവദിച്ചതിനാൽ ചിത്രങ്ങളെടുക്കാനും വലിയ തിരക്കായിരുന്നു. റോഡിലും ബാരിക്കേഡുകൾ നിരത്തി ജനക്കൂട്ടത്തെ നിയന്ത്രിച്ചു.
നഗരത്തിനു പുറത്ത് പലയിടങ്ങളിലായി തമ്പടിച്ചവർ വലിയ ബാഗും മറ്റുമായി മണിക്കൂറുകൾ ക്യൂ നിന്ന് കവാടത്തിലെത്തിയപ്പോഴാണ് ബാഗുമായി പ്രവേശിക്കാനാവില്ലെന്നറിഞ്ഞത്. നിരാശരായവർ ഉദ്യോഗസ്ഥരുമായി തർക്കിക്കുന്നതു കാണാമായിരുന്നു.
ക്ഷേത്ര ട്രസ്റ്റ് രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്നു 2000 പേരെ വീതം ഈ ദിവസങ്ങളിൽ ദർശനത്തിനു ക്ഷണിച്ചിട്ടുണ്ട്. അവരുടെ പ്രവേശന സമയത്ത് ഏർപ്പെടുത്താനുദ്ദേശിച്ചിരുന്ന നിയന്ത്രണം പോലും റദ്ദാക്കേണ്ടി വന്നു. ലക്നൗവിൽനിന്നു ദേശീയപാത വഴി അയോധ്യയിലേക്കു പോകുന്ന വാഹനങ്ങൾ ബാരാബങ്കിയിൽ തടയുന്നുണ്ട്. വടക്ക് ഗോണ്ട ഭാഗത്തും തീർഥാടകരെ നിയന്ത്രിക്കുന്നുണ്ട്. പ്രാണപ്രതിഷ്ഠ മൂലം നിർത്തിവച്ചിരുന്ന നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
രാമേശ്വരത്തുനിന്ന് പട്ടുവസ്ത്രങ്ങൾ
അയോധ്യ ∙ രാമേശ്വരത്തെ രംഗനാഥസ്വാമി ക്ഷേത്രത്തിൽനിന്ന് അയോധ്യയിലേക്കു സമ്മാനിച്ച പട്ടുവസ്ത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണപ്രതിഷ്ഠാ ദിനത്തിൽ ക്ഷേത്രത്തിനു കൈമാറി. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനു തലേന്ന് മോദി രംഗനാഥസ്വാമി ക്ഷേത്രം സന്ദർശിച്ചിരുന്നു.
പരിഗണിച്ച വിഗ്രഹങ്ങൾ മറ്റു ഭാഗങ്ങളിൽ പ്രതിഷ്ഠിക്കും
അയോധ്യ ∙ രാമക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കാൻ പരിഗണിക്കപ്പെട്ട മറ്റു വിഗ്രഹങ്ങൾ ക്ഷേത്രത്തിന്റെ മറ്റു ഭാഗങ്ങളിൽ പ്രതിഷ്ഠിക്കും. രാജസ്ഥാനിലെ സത്യനാരായണ പാണ്ഡെ വെള്ള മാർബിളിൽ കൊത്തിയ വിഗ്രഹവും കർണാടകയിലെ ഗണേഷ് ഭട്ട് കൊത്തിയ കൃഷ്ണശിലാ വിഗ്രഹവുമാണിവ.