ഗ്യാൻവാപി: എഎസ്ഐ റിപ്പോർട്ട് പരസ്യപ്പെടുത്താൻ കോടതി നിർദേശം
Mail This Article
ന്യൂഡൽഹി ∙ ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ പുരാവസ്തു വകുപ്പ് (എഎസ്ഐ) നടത്തിയ സർവേയുടെ റിപ്പോർട്ട് പരസ്യപ്പെടുത്താൻ വാരാണസി ജില്ലാ കോടതി ഉത്തരവിട്ടു. കേസിലെ എല്ലാ കക്ഷികൾക്കും റിപ്പോർട്ട് ഒരേസമയം ലഭ്യമാക്കണമെന്നും ജില്ലാ ജഡ്ജി എ.കെ.വിശ്വേശ നിർദേശിച്ചു. സർവേ റിപ്പോർട്ടിന്റെ പകർപ്പു ചോദിച്ചു കക്ഷികൾ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്.
ഹിന്ദു ക്ഷേത്രത്തിന്റെ മുകളിലാണോ മുസ്‍ലിം പള്ളി സ്ഥാപിച്ചത് എന്ന ചോദ്യമുയർന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ ജൂലൈ 21നു വാരാണസി കോടതി എഎസ്ഐയോട് പരിശോധനയ്ക്ക് നിർദേശിച്ചത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സർവേ തടഞ്ഞില്ല. കെട്ടിടത്തിനു കേടുപാടില്ലാതെയും മറ്റും സർവേ പൂർത്തിയാക്കാനാണു നിർദേശിച്ചത്.
അതേസമയം, മസ്ജിദ് സമുച്ചയത്തിൽ അംഗശുദ്ധി വരുത്തുന്ന സ്ഥലം (വുളുഖാന) സർവേയുടെ ഭാഗമായിരുന്നില്ല. നേരത്തേ അഭിഭാഷക കമ്മിഷന്റെ പരിശോധനയിൽ ഇവിടെനിന്നു ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗം വാദമുന്നയിച്ചിരുന്നു. ജലധാരയുടെ ഭാഗമാണിതെന്നു മുസ്‍ലിം വിഭാഗം ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് വുളുഖാന സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചാണ് എഎസ്ഐ സർവേയിൽനിന്ന് ഒഴിവാക്കിയത്.