വൈഎസ്ആർ കോൺഗ്രസിൽ ചോർച്ച; രണ്ടാഴ്ചയ്ക്കിടെ 3 എംപിമാർ രാജിവച്ചു, 3 പേർ കൂടി രാജിവയ്ക്കാൻ ഒരുങ്ങുന്നു
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ, ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസിൽ നിന്ന് എംപിമാരുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ 13 ദിവസത്തിനിടെ 3 എംപിമാർ പാർട്ടിയിൽ നിന്നു രാജിവച്ചു. നർസറാവ്പേട്ട് എംപി: ശ്രീകൃഷ്ണ ദേവരായുലുവും ഇന്നലെ പാർട്ടി വിട്ടു. സിറ്റിങ് സീറ്റ് വിട്ട് മറ്റൊരു മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് രാജിവച്ച അദ്ദേഹം, ടിഡിപിയിൽ ചേർന്നേക്കുമെന്ന സൂചന ശക്തമാണ്.
വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി നേതാവ് വൈ.എസ്.ജഗൻമോഹൻ റെഡ്ഡി സീറ്റ് നിഷേധിച്ചതിനെ തുടർന്നു സഞ്ജീവ് കുമാർ (കർണൂൽ) ഈ മാസം 10 നും വല്ലഭനേനി ബളശൗറി (മച്ച്‌ലിപട്ടണം) 13 നും രാജിവച്ചിരുന്നു. ഇവർ പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടിയിൽ ചേരുമെന്നാണു വിവരം. സീറ്റ് നിഷേധിക്കപ്പെട്ട മഗുന്ദ ശ്രീനിവാസുലു റെഡ്ഡി (ഓംഗോൾ), ഗൊരന്ത്‌ല മാധവ് (ഹിന്ദുപുർ), കോട്ടാഗിരി ശ്രീധർ (ഏലൂരു) എന്നിവരും വരുംദിവസങ്ങളിൽ എംപി സ്ഥാനം രാജിവച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.
ആകെയുള്ള 25 സീറ്റിൽ 22 ഇടത്ത് കഴിഞ്ഞ തവണ വൈഎസ്ആർ കോൺഗ്രസ് ജയിച്ചിരുന്നു. 3 എണ്ണം എൻ.ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി നേടി. 2019 ലെ മിന്നും പ്രകടനം ഇക്കുറിയും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണു ജഗൻ. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തങ്ങളെ തുണയ്ക്കുമെന്ന കണക്കുകൂട്ടലിലാണു ടിഡിപി. സഹോദരി വൈ.എസ്.ഷർമിള നയിക്കുന്ന കോൺഗ്രസും ഇത്തവണ ജഗനെതിരെ രംഗത്തുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഷർമിള ആന്ധ്രയിൽ കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തത്. തീപ്പൊരി നേതാവായ ഷർമിളയിലൂടെ സംസ്ഥാനത്ത് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്.