ADVERTISEMENT

പട്ന ∙ മുഖ്യമന്ത്രി നിതീഷ്കുമാർ നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ബിഹാറിൽ ചടുല രാഷ്ട്രീയനീക്കങ്ങൾ. നിതീഷിന്റെ ജനതാദൾ യുണെറ്റഡിനെ (ജെഡിയു) ഒഴിവാക്കി ഭൂരിപക്ഷം തികയ്ക്കാൻ കഴിയുമോയെന്ന കണക്കുകൂട്ടലിലാണു സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതൃത്വം. ജെഡിയു പിന്മാറിയാൽ നിലവിലെ നിയമസഭാ അംഗബലമനുസരിച്ചു മഹാസഖ്യത്തിനു കേവല ഭൂരിപക്ഷം തികയ്ക്കാൻ 8 എംഎൽഎമാരുടെ കുറവുണ്ട്. 

ജെഡിയു എംഎൽഎമാരോട് അടിയന്തരമായി പട്നയിലെത്താൻ നിതീഷ് കുമാർ നിർദേശം നൽകി. ആർജെഡിയുടെ ചാക്കിടൽ തടയാനുള്ള മുൻകരുതൽ നടപടിയാണിത്. ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിനു കേന്ദ്ര സർക്കാർ ഭാരതരത്നം പ്രഖ്യാപിച്ചതു ബിജെപി – ജെഡിയു സഖ്യം പുനഃസ്ഥാപിക്കുന്നതിന്റെ മുന്നോടിയാണെന്ന വിലയിരുത്തലുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ബിഹാർ അതിർത്തിയിൽ നൽകുന്ന സ്വീകരണത്തിൽനിന്നു നിതീഷ് കുമാർ വിട്ടുനിന്നേക്കും. 

രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്താൻ ആർജെഡി അധ്യക്ഷൻ ലാലു യാദവ് വിശ്വസ്തരായ ഭോല യാദവ്, ശക്തി സിങ് യാദവ് എന്നിവരുമായി ചർച്ച നടത്തി. പാർട്ടി എംഎൽഎമാരും ലാലുവിനെ സന്ദർശിച്ചു. മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ വസതിയിൽ ജെഡിയു മുൻ അധ്യക്ഷൻ ലലൻ സിങും മന്ത്രി വിജയ് കുമാർ ചൗധരിയും കൂടിക്കാഴ്ചയ്ക്കെത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരിയെയും കേന്ദ്ര മന്ത്രി അശ്വിനി കുമാർ ചൗബെയെയും പാർട്ടി കേന്ദ്ര നേതൃത്വം ഡൽഹിയിലേക്കു വിളിപ്പിച്ചു. 

ഇതിനിടെ, ആർജെഡിയിലെ കുടുംബാധിപത്യത്തിനെതിരെ നിതീഷ് നടത്തിയ പരോക്ഷ വിമർശനത്തിന് ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ മകൾ രോഹിണി ആചാര്യ സമൂഹമാധ്യമത്തിലൂടെ മറുപടി നൽകിയതു വിവാദമായി. സോഷ്യലിസ്റ്റ് ആചാര്യന്മാരെന്നു സ്വയം പ്രഖ്യാപിക്കുന്ന ചിലർ കാറ്റിനനുസരിച്ച് ആദർശം മാറുന്നവരാണെന്നായിരുന്നു രോഹിണിയുടെ ഒളിയമ്പ്. പോസ്റ്റ് പിൻവലിച്ചെങ്കിലും നിതീഷിനെ അവഹേളിച്ചുവെന്ന പരാതിയുമായി ബിജെപി രംഗത്തെത്തി. 

English Summary:

Political crisis in Bihar: BJP wants Nitish Kumar to resign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com