ADVERTISEMENT

വാരാണസി ∙ ഗ്യാൻവാപി മസ്ജിദ് നിർമിക്കുന്നതിനുമുൻപ് വലിയ ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്നു പുരാവസ്തു വകുപ്പ് (എഎസ്ഐ) കണ്ടെത്തിയതായി ഹിന്ദുവിഭാഗം ചൂണ്ടിക്കാട്ടി. കോടതിയുടെ അനുമതിയോടെ ലഭിച്ച പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ടിൽ ഇക്കാര്യമുണ്ടെന്നവകാശപ്പെട്ട് ഇതിലെ പ്രസക്ത ഭാഗങ്ങൾ ഹിന്ദുവിഭാഗം അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചു.

‘മസ്ജിദിന്റെ പടിഞ്ഞാറുഭാഗത്തെ ചുമർ നേരത്തേയുണ്ടായിരുന്ന ക്ഷേത്രത്തിന്റെതന്നെ ഭാഗമാണ്. ഇതു കല്ലുകൊണ്ടു നിർമിച്ച് അലങ്കരിച്ചതാണ്. മസ്ജിദിലെ തൂണും മറ്റും നേരത്തേയുണ്ടായിരുന്ന കെട്ടിടത്തിലേതു പരിഷ്കരിച്ച് ഉപയോഗിച്ചതാണ്. തൂണുകളിലെ കൊത്തുപണികളിൽ മാറ്റം വരുത്താനുള്ള ശ്രമവും പ്രകടമാണ്. നേരത്തേയുണ്ടായിരുന്ന മന്ദിരത്തിനു മുകളിൽ ഇപ്പോഴത്തേതു നിർമിച്ചതായാണ് കാണപ്പെടുന്നത്. നേരത്തേയുണ്ടായിരുന്ന മന്ദിരം 17–ാം നൂറ്റാണ്ടിൽ ഔറംഗസേബിന്റെ കാലത്തു തകർത്തതാകാം. സമുച്ചയത്തിന്റെ ഭാഗമായ അറകളിലും മറ്റും ശിൽപങ്ങളുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട 34 ശിലാലിഖിതങ്ങൾ കണ്ടെത്തി. ഇതിൽ, ദേവനാഗരി, തെലുങ്ക്, കന്നഡ ഭാഷങ്ങളിലെ പൗരാണിക ഹിന്ദു ക്ഷേത്ര ലിഖിതങ്ങളും ഉണ്ട്. ജനാർദന, രുദ്ര, ഉമേശ്വര എന്നിങ്ങനെ 3 ആരാധനാമൂർത്തികളുടെ പേരും കണ്ടെത്തി’– റിപ്പോർട്ടിൽ ഇപ്രകാരം കണ്ടെത്തലുകളുണ്ടെന്നു വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.

ഭൂഗർഭ അവശിഷ്ടം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജിപിആർ) സർവേ എഎസ്ഐ നടത്തിയിട്ടുണ്ട്. ശാസ്ത്രീയ പഠനത്തിന്റെയും പുരാവസ്തുക്കളുടെയും ശിൽപങ്ങളുടെയും സ്വഭാവവും മറ്റും പരിശോധിച്ചാൽ ക്ഷേത്രം നിലനിന്നിരുന്നുവെന്നു പറയാമെന്നും റിപ്പോർട്ടിലുണ്ടെന്നു വിഷ്ണു ജെയിൻ പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്ന മസ്ജിദ് ഹിന്ദു ക്ഷേത്രത്തിന്റെ മുകളിലാണോ സ്ഥാപിച്ചതെന്ന ചോദ്യമുയർന്ന പശ്ചാത്തലത്തിലാണ് ജൂലൈയിൽ മസ്ജിദ് സമുച്ചയത്തിൽ പുരാവസ്തു സർവേ നടത്തിയത്. 

English Summary:

A section says that Archaeological Survey of India has discovered a Hindu temple at Gyanvapi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com