യുപി: അഖിലേഷിന്റെ വാഗ്ദാനം 11 സീറ്റ്; വഴങ്ങാതെ കോൺഗ്രസ്
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി ഉത്തർപ്രദേശിൽ കോൺഗ്രസിന് 11 സീറ്റുകൾ സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് വാഗ്ദാനം ചെയ്തു. എന്നാൽ, കോൺഗ്രസ് അംഗീകരിച്ചിട്ടില്ല. നിർബന്ധമായും ലഭിക്കേണ്ട 15 സീറ്റുകളുടെ പട്ടിക കഴിഞ്ഞ ദിവസം കോൺഗ്രസ് സംസ്ഥാന നേതൃത്വം എസ്പിക്കു നൽകിയിരുന്നു. ഇതടക്കം 20–25 സീറ്റാണു കോൺഗ്രസ് ആവശ്യപ്പെടുന്നത്.
സംസ്ഥാന നേതൃത്വങ്ങൾ മുൻപ് നടത്തിയ കൂടിക്കാഴ്ചയിൽ കോൺഗ്രസിന് പത്തിൽ താഴെ സീറ്റ് മാത്രമേ നൽകാനാവൂ എന്നായിരുന്നു എസ്പിയുടെ നിലപാട്. അതു സാധ്യമല്ലെന്ന് കോൺഗ്രസ് അറിയിച്ചതിനു പിന്നാലെയാണ് അഖിലേഷ് ഇടപെട്ട് 11 സീറ്റാക്കിയത്. ഇതിനോടു യോജിക്കാനാവില്ലെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതോടെ അഖിലേഷുമായി ചർച്ച നടത്താൻ മുതിർന്ന നേതാവ് അശോക് ഗെലോട്ടിനെ പാർട്ടി ഹൈക്കമാൻഡ് നിയോഗിച്ചു.
അഖിലേഷും ഗെലോട്ടും വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തുമെന്നും സീറ്റ് വിഭജന ചർച്ചകൾ സുഗമമായാണു മുന്നോട്ടു നീങ്ങുന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ഭാഗമായ ആർഎൽഡിയും എസ്പിയും തമ്മിൽ സീറ്റ് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ആർഎൽഡിക്ക് 7 സീറ്റാണ് എസ്പി നൽകുക.