‘ഡിജിയാത്ര’ നിർബന്ധമല്ല: കേന്ദ്രമന്ത്രി
Mail This Article
ന്യൂഡൽഹി∙ വിമാനത്താവളങ്ങളിലെ സുഗമമായ പ്രവേശനത്തിനുള്ള ‘ഡിജിയാത്ര’ ആപ്പ് നിർബന്ധമാക്കിയിട്ടില്ലെന്നു കേന്ദ്രം വ്യക്തമാക്കി. ഡൽഹി അടക്കം പല വിമാനത്താവളങ്ങളിലെ ജീവനക്കാർ യാത്രക്കാരുടെ മേൽ ഡിജിയാത്ര അടിച്ചേൽപ്പിക്കുന്നുവെന്ന് പരാതിയുയർന്നിരുന്നു. താൽപര്യമുള്ളവർ മാത്രം ഈ സേവനം ഉപയോഗിച്ചാൽ മതിയെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വ്യക്തിയുടെ സമ്മതത്തോടു കൂടി മാത്രമേ ഡിജിയാത്ര വഴി വിവരങ്ങൾ ശേഖരിക്കാവൂ എന്നു നിർദേശം നൽകിയതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ നൽകിയ പരാതിക്കായിരുന്നു മന്ത്രിയുടെ മറുപടി.
ഡിജിയാത്ര ആപ്പിന്റെ പുതിയ പതിപ്പിൽ വ്യക്തിയുടെ വിവരശേഖരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്. വിമാനയാത്ര കഴിഞ്ഞ് 24 മണിക്കൂറിനകം അതത് വിമാനത്താവളങ്ങൾ വ്യക്തിവിവരങ്ങൾ നീക്കം ചെയ്യും. കൊച്ചി, ഡൽഹി, ചെന്നൈ, മുംബൈ, ജയ്പുർ, ലക്നൗ, അഹമ്മദാബാദ്, ഗുവാഹത്തി, മംഗളൂരു, ബെംഗളൂരു, വാരാണസി, വിജയവാഡ, കൊൽക്കത്ത, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിൽ ഡിജിയാത്ര സേവനം ലഭ്യമാണ്.