ഇന്ത്യ മുന്നണി വിട്ട് നിതീഷ് കുമാർ ബിജെപി പക്ഷത്ത്; നിറം മാറിയ നിതീഷിന്റെ സ്ഥാനാരോഹണം ഇന്ന്?
Mail This Article
പട്ന / ന്യൂഡൽഹി ∙ ബിഹാറിൽ ജെഡിയു– ആർജെഡി– കോൺഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായ നിതീഷ് കുമാർ മുന്നണി വിട്ട് ബിജെപിയുടെ പിന്തുണയോടെ ഇന്നു വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ഏറക്കുറെ ഉറപ്പായി. രാജിവച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമോ, രാജിവയ്ക്കാതെ തന്നെ തുടരുമോ എന്ന കാര്യത്തിലാണ് ആകാംക്ഷ.
രാജിയില്ലെങ്കിൽ തന്റെ മന്ത്രിസഭയിലെ ആർജെഡി, കോൺഗ്രസ് മന്ത്രിമാരെ പുറത്താക്കി പകരം ബിജെപി എംഎൽഎമാരെ മന്ത്രിമാരാക്കും. പ്രതിപക്ഷ ഇന്ത്യ മുന്നണി രൂപീകരിക്കാൻ മുന്നിൽനിന്ന നിതീഷ് ഇതോടെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ പക്ഷത്താകും. ബിജെപിക്ക് 2 ഉപമുഖ്യമന്ത്രിമാരും സ്പീക്കറുമെന്നതാണ് പുതിയ സഖ്യത്തിലെ ധാരണയെന്നാണു വിവരം.
ബിഹാറിൽ ഇന്ന്
∙ രാവിലെ 10: നിതീഷിന്റെ നേതൃത്വത്തിൽ ജെഡിയു നിയമസഭാകക്ഷി യോഗം.
∙ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയും പട്നയിലെത്തിയേക്കും.
ബിഹാർ:
ആകെ സീറ്റ് 243
കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122
കക്ഷി നില:
ആർജെഡി 79
ബിജെപി 78
ജെഡിയു 45
കോൺഗ്രസ് 19
ഇടത് കക്ഷികൾ 16
എച്ച്എഎം 4
എഐഎംഐഎം 1
സ്വതന്ത്രൻ 1
∙ ജെഡിയു പോയാൽ, ആർജെഡി + കോൺഗ്രസ് + ഇടത് കക്ഷികൾക്കുള്ളത് 114 സീറ്റ്. കേവല ഭൂരിപക്ഷത്തിൽ നിന്ന് 8 സീറ്റ് കുറവ്.
∙ ബിജെപിയും ജെഡിയുവും ഒന്നിച്ചാൽ 123 സീറ്റ്. കേവല ഭൂരിപക്ഷം കടക്കാം.