‘പ്രശാന്ത് കിഷോറിന്റെ പ്രവചനം നിതീഷിനെ അങ്കലാപ്പിലാക്കി’: സീറ്റ് തർക്കം മറയാക്കി മറുപക്ഷത്തേക്ക്
Mail This Article
പട്ന ∙ ആർജെഡിയും കോൺഗ്രസും ഉൾപ്പെടുന്ന സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചാൽ അഞ്ചു സീറ്റുകളിൽ പോലും ജയിക്കില്ലെന്ന തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പ്രവചനം നിതീഷിനെ അങ്കലാപ്പിലാക്കിയിരുന്നു. ബിഹാറിലെ ലോക്സഭാ സീറ്റ് വിഭജനത്തിൽ 16 സിറ്റിങ് സീറ്റുകളിലും മത്സരിക്കുമെന്നു നിതീഷ് പ്രഖ്യാപിക്കുകയും ചെയ്തു. സീറ്റ് വിഭജനം സംബന്ധിച്ച് ‘ഇന്ത്യ’ മുന്നണിയിലെ തർക്കങ്ങൾക്കിടയിലാണു നിതീഷ് മറുകണ്ടം ചാടി തടി രക്ഷിച്ചത്.
ആർജെഡി അധ്യക്ഷൻ ലാലു യാദവ് മകൻ തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാൻ തിടുക്കം കാട്ടിയതും നിതീഷിനെ പ്രതിസന്ധിയിലാക്കി. തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന ആർജെഡി എംഎൽഎമാരുടെ മുറവിളി തടയാൻ ലാലു ശ്രമിച്ചില്ല. ജെഡിയു എംഎൽഎമാരുമായി ആർജെഡി നേതാക്കൾ രഹസ്യ ചർച്ചകൾ നടത്തിയതും അദ്ദേഹത്തെ പ്രകോപിപ്പിച്ചു.
ബിഹാറിൽ കോൺഗ്രസ് എംഎൽഎമാരെ കാണാനില്ല
പട്ന ∙ നിതീഷ് കുമാർ ബിജെപിക്കൊപ്പം സർക്കാരുണ്ടാക്കിയ ദിനം കോൺഗ്രസ് ക്യാംപിൽ ആശയക്കുഴപ്പം.
19 കോൺഗ്രസ് എംഎൽഎമാരിൽ 9 പേരെ ഇന്നലെ ‘കാണാതായത്’ പാർട്ടിയെ അങ്കലാപ്പിലാക്കി.
സംസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ രാവിലെ 11നു പാർട്ടി നേതൃത്വം യോഗം വിളിച്ചെങ്കിലും 9 പേരെ ഫോണിൽ ബന്ധപ്പെടാനായില്ല. ഇതോടെ, യോഗം അവസാനനിമിഷം റദ്ദാക്കി.
കോൺഗ്രസിലെ 9 – 10 എംഎൽഎമാർ തങ്ങളുമായി സമ്പർക്കത്തിലാണെന്നു ബിജെപി കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.