പയറ്റിത്തെളിഞ്ഞ തന്ത്രവുമായി ബിജെപി; കൈവിട്ട മണ്ഡലങ്ങളിൽ കയ്യോടെ സ്ഥാനാർഥി
Mail This Article
ന്യൂഡൽഹി ∙ കഴിഞ്ഞ തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റതും രണ്ടാം സ്ഥാനത്തെത്തിയതുമായ മണ്ഡലങ്ങളിൽ ബിജെപി ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. മധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ചു വിജയിച്ച തന്ത്രം പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന 160ലേറെ മണ്ഡലങ്ങളിലും നടപ്പാക്കാനാണു നീക്കം. ദക്ഷിണേന്ത്യയിലെ 84 മണ്ഡലങ്ങളും ഇതിലുൾപ്പെടും.
മധ്യപ്രദേശിലും രാജസ്ഥാനിലും നിരവധി മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപേ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രമന്ത്രിമാരടക്കമുള്ള ഇവർ നേരത്തേ തന്നെ മണ്ഡലത്തിൽ പ്രവർത്തനം നടത്തി ഭൂരിഭാഗം മണ്ഡലങ്ങളിലും ജയിക്കുകയും ചെയ്തു. ഇതേ തന്ത്രം ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ഈ മണ്ഡലങ്ങളിൽ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. ഈ സീറ്റുകളിലേക്കു പരിഗണിക്കപ്പെടുന്ന സ്ഥാനാർഥികളുടെ പട്ടിക തയാറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി വൈകാതെ യോഗം ചേർന്ന് പ്രഖ്യാപനം നടത്തുമെന്നാണു സൂചനകൾ.