നിതീഷ് കൂറുമാറിയതോടെ മുന്നണി മുറിഞ്ഞ ഞെട്ടലിൽ ‘ഇന്ത്യ’; തീ പാറും, വോട്ട് ചിതറും; മാറണം തന്ത്രം
Mail This Article
പട്ന ∙ നഗരമധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മുഖവും ചേർത്തുള്ള ബോർഡിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘നിതീഷ് എല്ലാവരുടെയും ആളാണ്’. ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന ചോദ്യത്തിനു ജെഡിയുക്കാർക്കു കൃത്യമായ മറുപടിയുണ്ട് – ‘ഓരോ മുന്നണിയെയും ഏതാനും വർഷം അദ്ദേഹം സർക്കാരിന്റെ ഭാഗമാക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണം!’
ബിജെപിയുൾപ്പെട്ട എൻഡിഎ മുന്നണിയുടെ ആളായി നിതീഷ് മാറിയതോടെ, ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ അഴിച്ചുപണിയേണ്ട സ്ഥിതിയിലാണ് ആർജെഡി – കോൺഗ്രസ് – ഇടതു കക്ഷികൾ എന്നിവയുൾപ്പെട്ട പ്രതിപക്ഷ ഇന്ത്യ മുന്നണി. കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ ഇന്ധനമാകുന്ന മുന്നേറ്റം ഇന്ത്യ മുന്നണി പ്രതീക്ഷിച്ച സംസ്ഥാനങ്ങളിലൊന്നാണു ബിഹാർ; കഴിഞ്ഞ ദിവസം വരെ പ്രതിപക്ഷ നിരയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട് നിലവിലുണ്ടായിരുന്ന സംസ്ഥാനം.
നിതീഷ് ബിജെപിക്കൊപ്പം ചേർന്നതോടെ, ‘ഇന്ത്യ’യുടെ കണക്കുകൂട്ടൽ പാളി. അതേസമയം, അടിക്കടി മുന്നണി മാറുന്ന നിതീഷിനെതിരെ ശക്തമായ ജനവികാരമുണ്ടെന്നും അദ്ദേഹത്തെ ഒപ്പംകൂട്ടിയത് ബിജെപിക്കു ബാധ്യതയാകുമെന്നും പ്രതിപക്ഷം പ്രതീക്ഷിക്കുന്നു.
ബിഹാറിൽ ഭരണ, പ്രതിപക്ഷ മുന്നണികളുടെ തിരഞ്ഞെടുപ്പ് നീക്കങ്ങൾ:
ഇന്ത്യ മുന്നണി: ആകെയുള്ള 40 സീറ്റിൽ ആർജെഡി, ജെഡിയു എന്നിവയ്ക്ക് 16 വീതം, കോൺഗ്രസിന് 5, സിപിഐ എംഎല്ലിന് 3 എന്നിങ്ങനെയായിരുന്നു ഇതുവരെയുള്ള ചർച്ചകൾ. ജെഡിയു വിട്ടതോടെ, കോൺഗ്രസിനു കൂടുതൽ സീറ്റ് ലഭിക്കാൻ വഴിയൊരുങ്ങി. ആർജെഡി 20 സീറ്റിനു മുകളിൽ മത്സരിച്ചേക്കും. സിപിഐക്കും സീറ്റ് ലഭിച്ചേക്കും. ആർജെഡി – ജെഡിയു കൂട്ടുകെട്ട് ഒബിസി വോട്ടർമാരെ ‘ഇന്ത്യ’യ്ക്കു പിന്നിൽ അണിനിരത്താൻ കെൽപുള്ളതായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഒബിസി വോട്ടുകൾ ഇരു മുന്നണികളിലുമായി ചിതറാൻ സാധ്യത.
എൻഡിഎ: ഹിന്ദു മേൽജാതി, ഒബിസി, ദലിത് എന്ന ഫോർമുല പരീക്ഷിക്കും. കഴിഞ്ഞ ദിവസം നിതീഷ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ ജയ് ശ്രീറാം, ജയ് ഭീം വിളികൾ ഭരണപക്ഷ നിരയിൽ നിന്നുയർന്നത് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻഡിഎ മുന്നോട്ടുവയ്ക്കാനൊരുങ്ങുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണ്. 2019 ലെ ഫോർമുല പിന്തുടർന്നാൽ ബിജെപിയും ജെഡിയുവും 17 വീതം സീറ്റിൽ മത്സരിക്കും.
ഏതാനും സീറ്റുകൾ ജിതൻറാം മാഞ്ചിയുടെ എച്ച്എഎമ്മിനു ലഭിക്കും. പുറമേ ചിരിക്കുന്നുണ്ടെങ്കിലും നിതീഷിന്റെ വരവിൽ ആശങ്കയുള്ള 2 കൂട്ടരുണ്ട് – എൽജെപി (റാംവിലാസ്) നേതാവ് ചിരാഗ് പാസ്വാനും രാഷ്ട്രീയ ലോക് ജനതാദളിന്റെ (ആർഎൽജെഡി) ഉപേന്ദ്ര ഖുശ്വാഹയും. പ്രാദേശിക കക്ഷികളെന്ന നിലയിൽ എൻഡിഎയിൽ തങ്ങൾക്കുള്ള പ്രസക്തി നഷ്ടമാക്കാൻ നിതീഷ് കാരണമാകുമെന്ന് ഇവർ കരുതുന്നു.