മധുരയിൽ ദുരഭിമാനക്കൊലപാതകം; സഹോദരിയുടെയും കാമുകന്റെയും തലയറുത്ത് യുവാവ്
Mail This Article
ചെന്നൈ ∙ മധുരയിൽ സഹോദരിയെയും ഇതരജാതിയിൽ പെട്ട കാമുകനെയും യുവാവ് കഴുത്തറുത്തു കൊലപ്പെടുത്തി. മകളെ രക്ഷിക്കാൻ ശ്രമിച്ച അമ്മയുടെ വലതുകൈ വെട്ടിമാറ്റി. കൊല്ലപ്പെട്ട യുവാവിന്റെ തല തുറന്ന സ്റ്റേഡിയത്തിൽ കൊണ്ടുവച്ചു.
തിരുമംഗലത്തിനടുത്ത് കൂടക്കോയിലിൽ ചൊവ്വാഴ്ച രാത്രി എ.മഹാലക്ഷ്മി (25), കാമുകൻ എൻ.സതീഷ്കുമാർ (28) എന്നിവരെ കൊലപ്പെടുത്തിയ പ്രവീൺ കുമാറിനെ(22) അറസ്റ്റ് ചെയ്തു. മഹാലക്ഷ്മിയുടെയും പ്രവീണിന്റെയും അമ്മ ചിന്നപിദാരി (45) ആശുപത്രിയിൽ ചികിത്സയിലാണ്.
വിവാഹമോചിതയായ മഹാലക്ഷ്മി ഏതാനും വർഷങ്ങളായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. ഇതിനിടെ സതീഷുമായി അടുപ്പത്തിലായി. ഇതരജാതിക്കാരനുമായുള്ള ബന്ധത്തിൽ നിന്നു പിന്മാറണമെന്നു പ്രവീൺ നിരന്തരം ആവശ്യപ്പെട്ടെങ്കിലും മഹാലക്ഷ്മി വഴങ്ങിയില്ല. തുടർന്ന്, ചൊവ്വാഴ്ച രാത്രി വഴിവക്കിൽ ഒളിച്ചു നിന്ന പ്രവീൺ, സതീഷിന്റെ മുഖത്തു മുളകുപൊടിയെറിഞ്ഞശേഷം തലവെട്ടിമാറ്റുകയായിരുന്നു.