40,900 കിലോമീറ്റർ പുതിയ റെയിൽപാത; 3 പുതിയ റെയിൽവേ ഇടനാഴികൾ
Mail This Article
ന്യൂഡൽഹി ∙ റെയിൽവേക്ക് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് 2,52,000 കോടി രൂപ.
∙ 3 പുതിയ റെയിൽവേ ഇടനാഴികൾ: 1. ഊർജ ഇടനാഴിയിൽ 22,000 കിലോമീറ്റർ പുതിയ പാത, 2. കേരളത്തിനടക്കം ഗുണകരമായ തുറമുഖ കണക്റ്റിവിറ്റി റെയിൽ ഇടനാഴി ‘റെയിൽ സാഗറി’ൽ 2100 കിലോമീറ്റർ പുതിയ പാത. 3. തിരക്കു കുറയ്ക്കാനുദ്ദേശിച്ചുള്ള അമൃത് ചതുർഭുജ ഇടനാഴിയിൽ (ചതുഷ്കോണ ഹൈവേ മാതൃകയിൽ) 16,600 കിലോമീറ്റർ പുതിയ പാത. ഇതടക്കം ആകെ 40,900 കിലോമീറ്റർ പുതിയ പാത നിർമിക്കും.
∙ 40,000 സാധാരണ കോച്ചുകൾ വന്ദേഭാരത് കോച്ചുകളാക്കി മോടി പിടിപ്പിക്കും.
∙ മാർച്ചോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കും. വന്ദേഭാരത് മെട്രോയും ഈ വർഷം.
∙ മെട്രോ റെയിലും നമോഭാരത് ട്രെയിനുകളും കൂടുതൽ നഗരങ്ങളിലേക്ക്.
∙ 7–8 വർഷത്തിനുള്ളിൽ വെയ്റ്റ് ലിസ്റ്റ് ഇല്ലാത്ത വിധം യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കും.
∙ കഴിഞ്ഞ വർഷം 5200 കിലോമീറ്റർ റെയിൽപാത നിർമിച്ചു. ഈ വർഷം 5500 കിലോമീറ്റർ നിർമിക്കും. പ്രതിദിനം 15 കിലോമീറ്റർ ട്രാക്ക് ഇപ്പോൾ നിർമിക്കുന്നു.
∙ ബജറ്റിൽ ദക്ഷിണ റെയിൽവേക്ക് മാത്രം അനുവദിച്ചിരിക്കുന്നത് 12,173 കോടി രൂപ. പുതിയ ലൈനുകൾക്ക് 976.12 കോടി രൂപ.
പുതിയ ‘കവച്’ ഉടൻ
സുരക്ഷയ്ക്കായുള്ള ‘കവച്’ പദ്ധതിയുടെ നവീകരിച്ച പതിപ്പ് ഉടൻ നടപ്പാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത് വളരെ സങ്കീർണമായ സാങ്കേതികവിദ്യയാണ്. ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ടെലികോം ടവറുകൾ, സ്റ്റേഷനുകളിലും ട്രാക്കിലും ട്രെയിൻ എൻജിനിലുമുള്ള സംവിധാനങ്ങൾ ഒക്കെ വേണം. ഇതുവരെ 1746 കിലോമീറ്റർ കേബിളുകൾ ഇട്ടു കഴിഞ്ഞു. 208 ടവറുകൾ നിർമിച്ചു. 129 സ്റ്റേഷനുകളിൽ ബന്ധപ്പെട്ട സംവിധാനമൊരുക്കി. 550 കിലോമീറ്റർ ട്രാക്കിലും 109 എൻജിനുകളിലും കവച് സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു.
േകരളത്തിന് ആവശ്യം വേഗം കൂടിയ പുതിയ പാത
ഡാനി തോമസ് (മുൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം)
അങ്കമാലി–എരുമേലി ശബരി പാതയുടെ കാര്യത്തിൽ ഒന്നും ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കേന്ദ്രത്തിനും കേരളത്തിനും താൽപര്യമുണ്ടായിരുന്നെങ്കിൽ വർഷങ്ങൾക്കു മുൻപു യാഥാർത്ഥ്യമാകേണ്ട പദ്ധതിയാണിത്. സംസ്ഥാന സർക്കാർ ചെലവു വഹിക്കാമെന്ന് അറിയിച്ചാൽ കേന്ദ്രം എന്തുനിലപാട് എടുക്കുമെന്നതാണു നിർണായകം. പാത ഇരട്ടിപ്പിക്കൽ പദ്ധതികളിൽ അമ്പലപ്പുഴ–തുറവൂർ സെക്‌ഷനിലെ എസ്റ്റിമേറ്റിനു വൈകാതെ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. വളവുകൾ നിവർത്തി ട്രെയിനുകളുടെ വേഗം കൂട്ടാമെന്നതു നടപ്പുള്ള കാര്യമല്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്നല്ലാതെ വലിയ നേട്ടമുണ്ടാകില്ല. പുതിയ അലൈൻമെന്റിൽ വേഗം കൂടിയ മൂന്നും നാലും പാതയാണു കേരളത്തിന് ആവശ്യം. ചെലവു താരതമ്യം ചെയ്താലും പുതിയ പാത നിർമിക്കുന്നതാണു മെച്ചം.