ഇ.ഡി നോട്ടിസ് അഞ്ചാം തവണയും തള്ളി കേജ‍്‍രിവാൾ
Mail This Article
ന്യൂഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യംചെയ്യലിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ ഇന്നലെയും ഹാജരായില്ല. ഇ.ഡിയുടെ ആവശ്യം അഞ്ചാം തവണയാണ് മുഖ്യമന്ത്രി തള്ളിയത്. ഡൽഹി സർക്കാരിന്റെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് വിവരങ്ങൾ തേടുന്നതിനാണ് ഇ.ഡി മുഖ്യമന്ത്രിയെ വിളിപ്പിച്ചത്. എന്നാൽ കേജ്‍രിവാളിനെ കള്ളക്കേസിൽ കുടുക്കാൻ ബിജെപി ശ്രമിക്കുന്നെന്നാണ് എഎപിയുടെ ആരോപണം. ഇ.ഡിയുടെ നിർദേശം തള്ളിയ കേജ‍്‍രിവാൾ ഇന്നലെ ഡൽഹിയിൽ എഎപി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തു.
ചണ്ഡിഗഡിലെ മേയർ തിരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഒപ്പമുണ്ടായിരുന്നു. ബിജെപി ആസ്ഥാനത്തിനു മുന്നിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച നൂറുകണക്കിന് എഎപി പ്രവർത്തകരെ പൊലീസ് തടഞ്ഞു. കേജ‍്‍രിവാൾ സർക്കാർ അഴിമതി നടത്തുന്നെന്ന് ആരോപിച്ച് എഎപി ഓഫിസിനു മുന്നിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച ബിജെപി പ്രവർത്തകരെയും പൊലീസ് തടഞ്ഞു.