മരണം നടിച്ച് പൂനം പാണ്ഡെ; രൂക്ഷവിമർശനം
Mail This Article
മുംബൈ ∙ മരിച്ചെന്നു വ്യാജവാർത്ത നൽകിയ നടിയും മോഡലുമായ പൂനം പാണ്ഡെക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നു. സെർവിക്കൽ കാൻസർ (ഗർഭാശയമുഖ കാൻസർ) ബാധിച്ചു വ്യാഴാഴ്ച രാത്രി പൂനം പാണ്ഡെ (32) മരിച്ചെന്ന് കഴിഞ്ഞദിവസം നടിയുടെ മാനേജർ സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്.
സെർവിക്കൽ കാൻസർ എന്ന വിപത്തിനെക്കുറിച്ചുള്ള ചർച്ചയിലേക്ക് എല്ലാവരെയും കൊണ്ടുവരാൻ താൻ കളിച്ച നാടകമായിരുന്നു മരണവാർത്തയെന്നു ഇൻസ്റ്റഗ്രാം വിഡിയോയിൽ പൂനം പാണ്ഡെ വ്യക്തമാക്കി. ‘ഞാൻ ജീവിച്ചിരിക്കുന്നു. സെർവിക്കൽ കാൻസർ മൂലം ഞാൻ മരിച്ചില്ല. എന്നാൽ ആയിരക്കണക്കിനു സ്ത്രീകളാണ് ഈ രോഗം ബാധിച്ചു മരണത്തിനു കീഴടങ്ങുന്നത്. മറ്റ് അർബുദം പോലെയല്ല, സെർവിക്കൽ കാൻസർ പൂർണമായും സുഖപ്പെടുത്താനാവും. നേരത്തേ തിരിച്ചറിയാൻ പരിശോധനകളുണ്ട്. എച്ച്പിവി വാക്സീനുമുണ്ട്.’ നടി പറഞ്ഞു. മറ്റൊരു വിഡിയോയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിനു പൂനം മാപ്പപേക്ഷയും നടത്തി.
അധാർമികം, അപമാനകരം, ലജ്ജാകരം, ഹീനം എന്നിങ്ങനെയാണു സമൂഹമാധ്യമങ്ങളിലെ പ്രതികരണം. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ മാധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്നും ആവശ്യമുയർന്നു. സെർവിക്കൽ കാൻസർ തടയാൻ 9–14 വയസ്സുള്ള പെൺകുട്ടികൾക്കു വാക്സിനേഷൻ നൽകാനുള്ള കേന്ദ്രപദ്ധതി ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണു പൂനത്തിന്റെ മരണനാടകം അരങ്ങേറിയത്. 2011ൽ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് നേടിയാൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന പൂനത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.