ADVERTISEMENT

ന്യൂഡൽഹി ∙ മുൻ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ സ്ഥാപകരിലൊരാളുമായ എൽ.കെ.അഡ്വാനിക്ക് (96) ഭാരതരത്നം. രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി അഡ്വാനിക്കു നൽകാൻ തീരുമാനിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമമായ ‘എക്സി’ലൂടെയാണ് അറിയിച്ചത്. അഡ്വാനിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചു. ഭാരതരത്നം ലഭിക്കുന്ന അൻപതാമത്തെ വ്യക്തിയാണ് അഡ്വാനി.

ബിഹാർ മുൻ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കർപൂരി ഠാക്കൂറിനു മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകാൻ കഴിഞ്ഞ 23ന് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ മഹാസഖ്യത്തിൽനിന്നു പിൻമാറി എൻഡിഎയിൽ ചേർന്നു വീണ്ടും മുഖ്യമന്ത്രിയായത്.

ഇപ്പോൾ പാക്കിസ്ഥാനിലുള്ള കറാച്ചിയിൽ 1927 നവംബർ 8ന് ആണ് അഡ്വാനിയുടെ ജനനം. വിഭജനകാലത്തു മുംബൈയിലെത്തി. വിവിധ കാലങ്ങളിലായി ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ബിജെപി ദേശീയ അധ്യക്ഷൻ തുടങ്ങി വിവിധ പദവികൾ വഹിച്ചു. 2019 വരെ പാർലമെന്റംഗമായിരുന്നു.  ഇപ്പോൾ പൂർണ വിശ്രമത്തിൽ.

1990ൽ അഡ്വാനി നടത്തിയ രഥയാത്ര രാജ്യത്തു ബിജെപിയുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ചു. 1992 ൽ ബാബറി മസ്ജിദ് തകർത്ത കേസിലെ പ്രതികളിലൊരാളായിരുന്ന അഡ്വാനിയെ 2020ൽ ആണ് സിബിഐ കോടതി വിട്ടയച്ചത്. കഴിഞ്ഞ മാസം അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് അഡ്വാനിയെ ക്ഷണിക്കാതിരുന്നതു വിവാദമായിരുന്നു. പിന്നീട് ക്ഷണം ലഭിച്ചെങ്കിലും അദ്ദേഹം ചടങ്ങിൽ പങ്കെടുത്തില്ല.

∙ ‘ഞാൻ എന്ന വ്യക്തിക്കു മാത്രമല്ല, ഞാൻ ജീവിതകാലമത്രയും നിലകൊണ്ട ആദർശങ്ങൾക്കുകൂടിയുള്ള അംഗീകാരമായ ഭാരതരത്നം അതീവ വിനയത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നു.’ – എൽ.കെ. അഡ്വാനി

English Summary:

LK Advani to be honoured with Bharat Ratna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com