ജാർഖണ്ഡ്: ചംപയ് സോറൻ വിശ്വാസവോട്ടു നേടി
Mail This Article
ന്യൂഡൽഹി ∙ ജാർഖണ്ഡിൽ മുഖ്യമന്ത്രി ചംപയ് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ വിശ്വാസവോട്ട് നേടി അധികാരമുറപ്പിച്ചു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ ജെഎംഎം, കോൺഗ്രസ്, ആർജെഡി മുന്നണി 47 വോട്ട് നേടി. ബിജെപിയുൾപ്പെട്ട പ്രതിപക്ഷം 29 വോട്ടിലൊതുങ്ങി. 80 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 41 വോട്ടാണു വേണ്ടത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ കോടതിയുടെ അനുമതിയോടെ വോട്ടെടുപ്പിൽ പങ്കെടുത്തു. എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിച്ചേക്കുമെന്ന സൂചനകൾക്കിടെ നടന്ന വോട്ടെടുപ്പിൽ ഒപ്പമുള്ളവരുടെ മുഴുവൻ വോട്ടുകളും ലഭിച്ചത് ഭരണപക്ഷത്തിന് ആശ്വാസമായി. ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ ഭയന്ന് എംഎൽഎമാരെ ഭരണപക്ഷം കഴിഞ്ഞ ദിവസം ഹൈദരാബാദിലെ റിസോർട്ടിലേക്കു മാറ്റിയിരുന്നു.
തനിക്കെതിരായ ആരോപണം ബിജെപി തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് വോട്ടെടുപ്പിനു മുൻപ് നടത്തിയ വികാരപരമായ പ്രസംഗത്തിൽ ഹേമന്ത് സോറൻ പറഞ്ഞു. ‘ഞാൻ കണ്ണീർ പൊഴിക്കില്ല. കാരണം, ഗോത്ര, പിന്നാക്ക വിഭാഗക്കാരുടെ കണ്ണീരിന് ഇവിടെ വിലയില്ല. കാട് വിട്ടു വന്ന ഞങ്ങൾ ബിജെപിക്കാർക്കൊപ്പം ഇരുന്നപ്പോൾ അവരുടെ വസ്ത്രത്തിൽ ചെളിപുരണ്ടു. ഞങ്ങൾക്കെതിരെ തൊട്ടുകൂടായ്മ നിലനിൽക്കുന്നു. കാര്യങ്ങൾ ബിജെപിയെ ഏൽപിച്ചാൽ, ഞങ്ങൾക്കു വീണ്ടും കാട്ടിലേക്കു പോകേണ്ടി വരും. ഗോത്രവർഗക്കാരുടെ ഉന്നമനം അവർ ആഗ്രഹിക്കുന്നില്ല. എന്നെ അറസ്റ്റ് ചെയ്യാൻ കേന്ദ്രം നടത്തിയ ഗൂഢാലോചനയിൽ ഗവർണർക്കു പങ്കുണ്ട്’ – സോറൻ ആരോപിച്ചു.
സോറന്റെ ഹർജിയിൽ വാദം 12ന്
അറസ്റ്റ് ചോദ്യംചെയ്ത് ഹേമന്ത് സോറൻ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ജാർഖണ്ഡ് ഹൈക്കോടതി ഈ മാസം 12ലേക്കു മാറ്റി. ഹർജിയിൽ വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകാൻ ഇ.ഡിക്കു കോടതി നിർദേശം നൽകി.