ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ 370 സീറ്റുകളിലേറെ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. ജവാഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള മുൻ കോൺഗ്രസ് പ്രധാനമന്ത്രിമാരെ കടന്നാക്രമിച്ച പ്രധാനമന്ത്രി അടുത്ത ലോക്സഭയിൽ കോൺഗ്രസിന്റെ സ്ഥാനം സന്ദർശക ഗാലറിയിലായിരിക്കുമെന്നും പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ പ്രസംഗിച്ച മോദി ബിജെപി സർക്കാരിന്റെ മൂന്നാം തവണയിൽ രാജ്യം ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും പറഞ്ഞു. 

‘സംഖ്യകൾ ഞാൻ കാര്യമാക്കുന്നില്ല. എന്നാൽ, രാജ്യത്തിന്റെ വികാരം എനിക്കറിയാം. എൻഡിഎ 400 കടക്കും. ബിജെപി നിശ്ചയമായും 370 സീറ്റിലേറെ നേടും’– ലോക്സഭയിൽ മോദി പറഞ്ഞു. ‘ഇന്ത്യ 2014 ൽ ലോകത്തിലെ 11–ാമത്തെ സാമ്പത്തിക ശക്തിയായിരുന്നു. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. എന്നിട്ടും കോൺഗ്രസ് നിശ്ശബ്ദരാണ്. അവർക്ക് സ്വപ്നം കാണാനുള്ള ശേഷി പോലും നഷ്ടപ്പെട്ടിരിക്കുന്നു.’ അടുത്ത ഭരണകാലത്ത് 1000 വർഷത്തെ വികസനത്തിനുള്ള അടിത്തറയൊരുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

‘അടുത്ത 30 വർഷം കൊണ്ടു മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് 2014 ലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച ഘട്ടത്തിൽ വലിയ സാമ്പത്തിക വിദഗ്ധനായ അന്നത്തെ ധനമന്ത്രി പറഞ്ഞത്. കോൺഗ്രസ് സ്വപ്നം കണ്ടതു പോലെയായിരുന്നെങ്കിൽ ഇന്നു നേടിയ വികസനമെല്ലാം നേടിയെടുക്കാൻ ഇനിയും പതിറ്റാണ്ടുകൾ വേണ്ടിവരുമായിരുന്നു’ 

രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും വിമർശിച്ച അദ്ദേഹം പല നേതാക്കളും രാജ്യസഭയിലേക്കു മാറാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു. ‘പ്രതിപക്ഷത്തിനു തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടിരിക്കുന്നു. സീറ്റുകൾ മാറുന്നതിനായി പലരും ശ്രമിക്കുന്നു. കോൺഗ്രസ് എന്ന കടയ്ക്കു പൂട്ടുവീണിരിക്കുകയാണ്. കോൺഗ്രസ് ഒരു കുടുംബത്തിന്റെ കാര്യം മാത്രമാണു ചിന്തിച്ചത്. കുടംബാധിപത്യം കോൺഗ്രസിനെ നശിപ്പിച്ചു. ക്രിയാത്മക പ്രതിപക്ഷമാകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. പ്രതിപക്ഷത്തു ദീർഘകാലം തുടരാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നു. ഈ തീരുമാനം ജനങ്ങൾ സാക്ഷാത്കരിക്കും’– മോദി പരിഹസിച്ചു. 

ജവാഹർലാൽ നെഹ്റു 1959 ലെ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലെ വാചകങ്ങൾ ആവർത്തിച്ച നരേന്ദ്ര മോദി, ഇന്ത്യക്കാർ മടിയൻമാരും അറിവു കുറവുള്ളവരുമാണെന്നു അദ്ദേഹം കരുതിയിരുന്നതായി വിമർശിച്ചു. ഇന്ദിരാഗാന്ധിയും സമാന അഭിപ്രായം പറഞ്ഞു. ജനങ്ങളെ തങ്ങളെക്കാൾ വളരെ ചെറുതായി അവർ കരുതി. കശ്മീരിൽ നെഹ്റു വരുത്തിയ പിഴവുകൾക്കു രാജ്യം വലിയ വില നൽകേണ്ടി വന്നു. ഇതെല്ലാം ഞങ്ങൾ തിരുത്തുകയാണ്– നരേന്ദ്ര മോദി പറഞ്ഞു.

ഇ.ഡി കണ്ടെത്തിയത് ഒരു ലക്ഷം കോടിയുടെ കള്ളപ്പണം: മോദി

∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പിന്താങ്ങി. ബിജെപി ഭരണകാലത്തു ഒരു ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് ഇ.ഡി കണ്ടെത്തിയതെന്നും ജനങ്ങളിൽ നിന്നു കവർന്നിരുന്ന ഈ പണം വികസന പദ്ധതികൾക്കു വേണ്ടി ഇപ്പോൾ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുപിഎ കാലത്ത് അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസ് രണ്ടു മടങ്ങ് വർധിച്ചു. വിലക്കയറ്റം ഏറ്റവുമധികം നടന്നതു കോൺഗ്രസ് ഭരണകാലത്താണെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തെക്കുറിച്ചു ‘മെഹംഗി മർ ഗയി’ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പിറന്നതു കോൺഗ്രസ് കാലത്താണെന്നും അദ്ദേഹം വിമർശിച്ചു. 

പ്രസംഗം പദവിക്ക് ചേരാത്തത്: കോൺഗ്രസ്

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റുവിനെയടക്കം പരിഹസിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം നിർഭാഗ്യകരമെന്നു കോൺഗ്രസ് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ പദവിക്കു ചേരാത്ത രീതിയിലാണു മോദി സംസാരിച്ചത്. പ്രസംഗത്തിൽ പുതുതായി ഒന്നുമില്ലെന്നും രാജ്യത്തിനു വേണ്ടി കോൺഗ്രസ് ചെയ്ത കാര്യങ്ങൾ ജനത്തിനു നന്നായി അറിയാമെന്നും എസ്.ജ്യോതിമണി എംപി പറഞ്ഞു.

English Summary:

Prime Minister Narendra Modi claims to bag 370 seats in Loksabha Elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com