നായയെ തീറ്റിക്കുന്നതും വിവാദം; നായകൾ ബിജെപിക്ക് എന്ത് ദ്രോഹം ചെയ്തെന്ന് രാഹുൽ
Mail This Article
ഗുംല (ജാർഖണ്ഡ്) ∙ നായയെ തീറ്റിക്കാനായി അതിന്റെ ഉടമയ്ക്ക് രാഹുൽ ഗാന്ധി ബിസ്കറ്റ് കൈമാറുന്നതിന്റെ വിഡിയോ ഉപയോഗിച്ച് ബിജെപിയുടെ പ്രചാരണം. നായയ്ക്ക് കൊടുക്കുന്ന ബിസ്കറ്റ് പ്രവർത്തകന് കൊടുക്കുന്നു എന്ന മട്ടിൽ പ്രചാരണം വ്യാപകമായതോടെ അതിനെ വിമർശിച്ച് രാഹുൽ തന്നെ രംഗത്തെത്തി.
നായയ്ക്ക് ജീപ്പിൽ വച്ച് രാഹുൽ ബിസ്കറ്റ് കൊടുത്തെങ്കിലും അതു തിന്നില്ല. അപ്പോഴാണ് തീറ്റിക്കാനായി അതിന്റെ ഉടമയായ പ്രവർത്തകന്റെ കയ്യിൽ ബിസ്കറ്റ് കൊടുത്തത്. എന്നാൽ ഈ വിഡിയോ പ്രചരിപ്പിച്ച ബിജെപി ഐടി സെൽ, ഇങ്ങനെയാണ് രാഹുൽ അനുയായികളെ കാണുന്നതെന്ന് വ്യാഖ്യാനിച്ചു. ഇതിനിടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ‘രാഹുൽ ഗാന്ധിയല്ല, കുടുംബം മുഴുവൻ വിചാരിച്ചിട്ടും ഈ ബിസ്കറ്റ് എന്നെക്കൊണ്ട് തീറ്റിക്കാനായില്ല’ എന്ന് എഴുതിയതും ചർച്ചയായി. ഇതോടെയാണ് രാഹുൽ വിശദീകരണം നൽകിയത്.
‘ഞാൻ കൊടുത്തപ്പോൾ നായ കഴിച്ചില്ല. അതിനാൽ നായയ്ക്ക് കൊടുക്കൂ എന്നു പറഞ്ഞ് ഞാൻ ബിസ്കറ്റ് ഉടമയ്ക്ക് കൊടുത്തു. ഉടമ കൊടുത്തപ്പോൾ നായ ബിസ്കറ്റ് കഴിച്ചു. ഇതിലെന്താണ് വിവാദം? നായകൾ ബിജെപിക്ക് എന്തു ദ്രോഹമാണ് ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല’– രാഹുൽ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ധൻബാദ് ജില്ലയിലാണ് സംഭവം നടന്നത്. നായയുടെ ഉടമയും എന്താണ് സംഭവിച്ചതെന്ന് പിന്നീടു വിശദീകരിച്ചു.