അജിത് പവാർ വിഭാഗം എൻസിപിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം
Mail This Article
ന്യൂഡൽഹി ∙ മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തെ ഔദ്യോഗികവിഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചു. പാർട്ടിയുടെ പേരും ‘ക്ലോക്ക്’ ചിഹ്നവും ഇവർക്കുപയോഗിക്കാം. 6 മാസത്തോളം നീണ്ട ഹിയറിങ്ങിനു ശേഷമാണ് കമ്മിഷന്റെ തീരുമാനം.
ജയന്ത് പാട്ടീൽ പ്രസിഡന്റായ ശരദ് പവാർ പക്ഷത്തിന് 27നു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനു മുൻപ് പുതിയ പേരും ചിഹ്നവും അനുവദിക്കുന്നതിന് 3 നിർദേശങ്ങൾ വീതം നൽകാനും സമയം നൽകിയിട്ടുണ്ട്. ഇന്നു വൈകിട്ട് ആറിനകം ഇതു കമ്മിഷനു നൽകണം. അല്ലാത്ത പക്ഷം ശരദ് പവാർ അനുകൂലികളെ സ്വതന്ത്രരായി കണക്കാക്കും.
നിയമസഭയിലും മറ്റു വിവിധ കമ്മിറ്റികളിലും അജിത് പവാർ പക്ഷത്തിനാണ് മുൻതൂക്കമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവിൽ പറയുന്നു. ശരദ് പവാർ പക്ഷത്തിന്റെ വാദങ്ങളെല്ലാം തള്ളിയാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം. പാർട്ടി ഭരണഘടനയ്ക്കു വിരുദ്ധമായാണ് ശരദ് പവാർ പക്ഷം 2 വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ചതെന്നും പറഞ്ഞു.
പാർട്ടിയുടെ ആകെയുള്ള 87 ജനപ്രതിനിധികളിൽ 57 പേർ അജിത് പവാർ പക്ഷത്താണ്. ഇതിനു പുറമേ പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ, ഭരണഘടന എന്നിവയും അജിത് പക്ഷത്തെ അംഗീകരിക്കുന്നതാണെന്നു കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയപ്പാർട്ടികൾ സംഘടനാ തിരഞ്ഞെടുപ്പു നടത്താത്തതിനെയും പാർട്ടി ഭരണഘടനകളോടു നീതി പുലർത്താത്തതിനെയും കമ്മിഷൻ ഉത്തരവിൽ വിമർശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനു പകരം ഭാരവാഹികളുടെ നിയമനമാണ് നടക്കുന്നതെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലും നാഗാലാൻഡിലും സംസ്ഥാനകക്ഷിയാണ് എൻസിപി.