ഏകവ്യക്തി നിയമം കരട് ഉത്തരാഖണ്ഡ് സഭയിൽ; ഇന്ന് പാസാക്കാൻ നീക്കം
Mail This Article
ന്യൂഡൽഹി ∙ വിവാഹവും വിവാഹമോചനവും ഔദ്യോഗികമായി റജിസ്റ്റർ ചെയ്തില്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന് ഉത്തരാഖണ്ഡ് സർക്കാരിന്റെ ഏക വ്യക്തിനിയമം (യുസിസി) കരട് ശുപാർശ ചെയ്തു. ‘ലിവ് ഇൻ’ ബന്ധങ്ങളും റജിസ്റ്റർ ചെയ്യാൻ നിർദേശിക്കുന്ന ബിൽ ഇന്നലെ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് അവതരിപ്പിച്ചത്.
ബഹുഭാര്യത്വം നിരോധിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമത്തിൽ പുരുഷന്മാർക്ക് 21 വയസ്സും സ്ത്രീകൾക്കു 18 വയസ്സുമാണു കുറഞ്ഞ വിവാഹപ്രായം. വിവാഹമോചനത്തിൽ തുല്യഅവകാശം വ്യവസ്ഥ ചെയ്യുന്നു. സ്ത്രീയുടെ പുനർവിവാഹത്തിന് ഏതെങ്കിലും തരത്തിലുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതും വിലക്കുന്നു. ഇതു ലംഘിച്ചാൽ 3 വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ഇതു രണ്ടുമോ ലഭിക്കാം. ദമ്പതികളിലൊരാൾ പങ്കാളിയുടെ അനുവാദമില്ലാതെ മതം മാറിയാൽ വിവാഹമോചനം ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കാം.
വിവാഹമോചന സാഹചര്യത്തിലും ഭാര്യയും ഭർത്താവും തമ്മിൽ തർക്കമുണ്ടാകുന്ന അവസ്ഥയിലും 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണം അമ്മയ്ക്കായിരിക്കും. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ലിവ് ഇൻ ബന്ധം, മറ്റ് കാര്യങ്ങൾ എന്നിങ്ങനെ നാലായി തിരിച്ചാണു നിയമം തയാറാക്കിയിരിക്കുന്നത്. അതേസമയം വ്യക്തിനിയമങ്ങൾ പട്ടികവർഗവിഭാഗത്തിനു ബാധകമല്ല.
പുരുഷന്റെ മരണശേഷം ഭാര്യയ്ക്കും മക്കൾക്കും സ്വത്തിൽ തുല്യഅവകാശം നിർദേശിക്കുന്നു. പുരുഷന്റെ മാതാപിതാക്കൾക്കും തുല്യ അവകാശമാണ്. മുൻപു അമ്മയ്ക്കു മാത്രമായിരുന്നു സ്വത്തവകാശം. ഗർഭസ്ഥശിശുവിനും ഭൂസ്വത്തിൽ അവകാശം വ്യവസ്ഥ ചെയ്യുന്നു.
‘ലിവ് ഇൻ’ബന്ധത്തിലുള്ള ഉത്തരാഖണ്ഡുകാർ മറ്റു സംസ്ഥാനങ്ങളിലാണു താമസിക്കുന്നതെങ്കിലും റജിസ്ട്രേഷൻ നിർബന്ധമാണ്. ബന്ധത്തിൽനിന്നു പുരുഷൻ പിന്മാറിയാൽ സ്ത്രീക്കു ജീവനാംശത്തിനു അർഹതയുണ്ട്. കുട്ടികളുണ്ടായാൽ അവകാശിയായിരിക്കും. ഒരു മാസത്തിനകം റജിസ്റ്റർ ചെയ്തില്ലെങ്കിൽ ഒരുമാസം വരെ തടവോ 10,000 രൂപ പിഴയോ ശിക്ഷ ലഭിക്കാം. എൽജിബിടിക്യു പങ്കാളികളെ തടവുശിക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നാളെത്തെ നിയമസഭാസമ്മേളനത്തിൽ ബിൽ പാസാക്കാനുള്ള തയാറെടുപ്പിലാണു ബിജെപി സർക്കാർ. അതേസമയം, ബിൽ പഠിക്കാൻ കൂടുതൽ സമയം വേണമെന്നും വിശദചർച്ച ആവശ്യമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബിൽ പാസായാൽ ഏക വ്യക്തി നിയമം പ്രാബല്യത്തിൽ വരുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായിരിക്കും ഉത്തരാഖണ്ഡ്.