ADVERTISEMENT

ന്യൂഡൽഹി ∙ ബിഹാറിനു പിന്നാലെ യുപിയിലും ഇന്ത്യ മുന്നണിയിൽ വിള്ളൽ വീഴ്ത്താൻ ബിജെപി നീക്കം. യുപിയിൽ പ്രതിപക്ഷ മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ ലോക്ദളിന് (ആർഎൽഡി) ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായി മത്സരിക്കാൻ 4 സീറ്റ് ബിജെപി വാഗ്ദാനം ചെയ്തു. സമാജ്‌വാദി പാർട്ടി (എസ്പി), കോൺഗ്രസ്, ആർഎൽഡി എന്നിവയുൾപ്പെട്ട ഇന്ത്യ മുന്നണി പിളർത്താൻ ലക്ഷ്യമിട്ടാണിത്. ബിജെപിയുടെ വാഗ്ദാനം സംബന്ധിച്ച് ആർഎൽഡി നേതാവ് ജയന്ത് ചൗധരി പ്രതികരിച്ചിട്ടില്ലെങ്കിലും സഖ്യനീക്കം സംബന്ധിച്ച രഹസ്യചർച്ച നടക്കുന്നുണ്ടെന്ന് ആർഎൽഡി വൃത്തങ്ങൾ പറഞ്ഞു. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ 7 സീറ്റ് നൽകാമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ആർഎൽഡിയെ അറിയിച്ചിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിൽ എസ്പിക്കൊപ്പം ഉറച്ചു നിന്ന ജയന്ത് നിലവിൽ എസ്പിയുടെ ക്വോട്ടയിൽ രാജ്യസഭാംഗമാണ്. 

പടിഞ്ഞാറൻ യുപിയിലെ ജാട്ട് സമുദായമാണ് ആർഎൽഡിയുടെ വോട്ട് ബാങ്ക്. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളായി ഈ മേഖലയിലെ ജാട്ട് വോട്ടർമാർ ബിജെപിക്കൊപ്പമാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ ആർഎൽഡിക്കു സാധിച്ചില്ല. ഇക്കുറി ബിജെപിക്കൊപ്പം നിന്നാൽ പ്രയോജനമുണ്ടാകുമെന്നാണ് ആർഎൽഡിയുടെ ചിന്ത. 

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അടുത്തയാഴ്ച യുപിയിലേക്കു കടക്കാനിരിക്കെയാണ് ‘ഇന്ത്യ’യിലെ സഖ്യകക്ഷിയെ അടർത്തിയെടുക്കാനുള്ള അണിയറ നീക്കം ബിജെപി സജീവമാക്കിയത്. കഴിഞ്ഞ മാസം രാഹുലിന്റെ യാത്ര ബിഹാറിൽ കടക്കുന്നതിനു തൊട്ടുമുൻപാണ് ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ത്യ മുന്നണി വിട്ട് എൻഡിഎക്കൊപ്പം ചേർന്നു വീണ്ടും മുഖ്യമന്ത്രിയായത്. 

ന്യായ് യാത്രയിൽ അഖിലേഷ് വരും

രാഹുലിന്റെ യാത്രയിൽ എസ്പി നേതാവ് അഖിലേഷ് യാദവ് പങ്കെടുക്കും. യുപിയിലെ അമേഠിയിലോ റായ്ബറേലിയിലോ വച്ച് അഖിലേഷ് യാത്രയുടെ ഭാഗമാകുമെന്ന് എസ്പി അറിയിച്ചു. ആദ്യമായാണ് ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കളിലൊരാൾ യാത്രയുടെ ഭാഗമാകുന്നത്. അഖിലേഷിനെ യാത്രയിലേക്കു ക്ഷണിച്ചു കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖർഗെ കത്തയച്ചിരുന്നു. 

English Summary:

BJP takes bait for RLD; Move to split the India alliance in Uttar Pradesh too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com