ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ശിൽപിയും മലയാളിയുമായ ഡോ. എം.എസ്.സ്വാമിനാഥനു രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം. മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹറാവു, ചൗധരി ചരൺ സിങ് എന്നിവർക്കും കേന്ദ്ര സർക്കാർ ഭാരരരത്നം പ്രഖ്യാപിച്ചു. 3 പേർക്കും ഇതു മരണാനന്തര ബഹുമതിയാണ്.

ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ സ്വാമിനാഥൻ ഭാരതരത്നം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ്. പാലക്കാട്ടു വേരുകളുള്ള തമിഴ്നാട് മുൻ മുഖ്യമന്ത്രി എംജിആറാണ് ആദ്യത്തെയാൾ.

ഇതുവരെ ആകെ 53 പേർക്കാണു ഭാരതരത്നം ലഭിച്ചിട്ടുള്ളത്. ഇതിൽ 5 പേരും തിരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ്. ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിനു കഴിഞ്ഞമാസം 23നും മുൻ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എൽ.കെ.അഡ്വാനിക്ക് ഈമാസം മൂന്നിനും പുരസ്കാരം പ്രഖ്യാപിച്ചിരുന്നു.

സ്വാമിനാഥൻ ഇന്ത്യൻ അഗ്രികൾചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ഐഎആർഐ) ഡയറക്ടറായിരുന്ന 1966–72 കാലത്താണ് കേന്ദ്രസർക്കാർ ഹരിതവിപ്ലവം നടപ്പാക്കിയത്. മെക്സിക്കൻ ഗോതമ്പ് ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റിയ സങ്കരവിത്തുകളിലൂടെ ഉൽപാദനം പതിന്മടങ്ങാക്കിയതോടെ ഇന്ത്യ ഭക്ഷ്യ സ്വയംപര്യാപ്തത നേടി. കഴിഞ്ഞവർഷം സെപ്റ്റംബർ 28 നാണു സ്വാമിനാഥൻ അന്തരിച്ചത്.

പി.വി.നരസിംഹറാവു 1991ൽ പ്രധാനമന്ത്രിയായപ്പോഴാണ് സാമ്പത്തിക ഉദാരവൽക്കരണത്തിനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. ഇപ്പോൾ തെലങ്കാനയുടെ ഭാഗമായ കരിംനഗറിലായിരുന്നു ജനനം. 1991–96ൽ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2004ൽ അന്തരിച്ചു.

കർഷക രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ചരൺസിങ് 1977ലെ ജനതാ പാർട്ടി സർക്കാരിൽ ഉപപ്രധാനമന്ത്രിയും 1979–80ൽ 6 മാസം പ്രധാനമന്ത്രിയുമായിരുന്നു.

ആർഎൽഡി എങ്ങോട്ട്?

ചരൺസിങ്ങിന്റെ കൊച്ചുമകൻ ജയന്ത് ചൗധരി നേതൃത്വം നൽകുന്ന ആർഎൽഡി നിലവിൽ ‘ഇന്ത്യ’ മുന്നണിയിലാണ്. കർപൂരി ഠാക്കൂറിനു ഭാരരരത്നം നൽകി ജെഡിയുവിനെ സ്വന്തം മുന്നണിയിലെത്തിച്ച അതേ തന്ത്രം ആർഎൽഡിയുടെ കാര്യത്തിലും ബിജെപി പയറ്റുകയാണെന്ന് ആരോപണമുണ്ട്. ‘ഹൃദയം കീഴടക്കി’ എന്നാണ് ഭാരതരത്ന പ്രഖ്യാപനമറിഞ്ഞ് ജയന്ത് ചൗധരി പ്രതികരിച്ചത്.

English Summary:

Bharat Ratna to MS Swaminathan, Narasimha Rao and Charan Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com