ഇന്ത്യ ടുഡേ സർവേ: എൻഡിഎക്ക് 335 സീറ്റ് പ്രവചനം
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചുവരുമെന്ന് ഇന്ത്യ ടുഡേ ചാനൽ പുറത്തുവിട്ട ‘മൂഡ് ഓഫ് ദ് നേഷൻ’ സർവേ പ്രവചിച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 304 സീറ്റ് നേടുമെന്നാണു പ്രവചനം. 2019 ൽ നേടിയതിനെക്കാൾ ഒരു സീറ്റ് അധികമാണിത്. എൻഡിഎ മുന്നണിക്ക് 335 സീറ്റ്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി 166 സീറ്റ് നേടും. കോൺഗ്രസിന് 71 സീറ്റ് ലഭിക്കുമെന്നാണു പ്രവചനം. 2019 ൽ 52 സീറ്റായിരുന്നു കോൺഗ്രസിന്.
ദക്ഷിണേന്ത്യയിൽ ഇന്ത്യ മുന്നണി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോൾ ഉത്തരേന്ത്യ ബിജെപി തൂത്തുവാരുമെന്നു സർവേ വ്യക്തമാക്കി. ഉത്തരേന്ത്യയിലെ 180 ൽ 154 സീറ്റാണ് എൻഡിഎക്കു പ്രവചിക്കുന്നത്; ഇന്ത്യ മുന്നണിക്ക് 25. ദക്ഷിണേന്ത്യയിൽ ‘ഇന്ത്യ’യ്ക്ക് 76, എൻഡിഎക്ക് 27. കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ ഒരു സീറ്റും ബിജെപി നേടില്ലെന്നാണു പ്രവചനം.
യുപിയിൽ എൻഡിഎക്ക് 72, ഇന്ത്യ മുന്നണിക്ക് 8, ബംഗാളിൽ തൃണമൂലിന് 22, കോൺഗ്രസിന് 1, ബിജെപിക്ക് 19 എന്നിങ്ങനെയാണു സീറ്റ് പ്രവചനം. തെലങ്കാനയിൽ 10 സീറ്റ് നേടി കോൺഗ്രസ് മുന്നേറും. കർണാടകയിൽ ബിജെപിക്കാണു മേൽക്കൈ. 28 ൽ 24 സീറ്റ് നേടുമെന്നാണു പ്രവചനം.