പാർലമെന്റ് പിരിഞ്ഞു, ഇനി തിരഞ്ഞെടുപ്പ്, പുതിയ ലോക്സഭ
Mail This Article
ന്യൂഡൽഹി ∙ രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തെ അവസാന പാർലമെന്റ് സമ്മേളനം സമാപിച്ചു. പതിവു ഫോട്ടോയെടുക്കലും ഉപചാരങ്ങളും ഇല്ലാതെയാണ് സഭകൾ അനിശ്ചിത കാലത്തേക്കു പിരിഞ്ഞത്. ഇനി തിരഞ്ഞെടുപ്പിനു ശേഷം ജൂലൈയിൽ ബജറ്റ് സമ്മേളനത്തിനു സഭകൾ ചേരും. പുതിയ മന്ദിരത്തിലേക്കു മാറുന്ന സമയത്ത് ഗ്രൂപ്പ് ഫോട്ടോ എടുത്തതിനാലാണ് അവസാന ദിവസത്തെ പതിവു ഫോട്ടോയെടുപ്പ് ഒഴിവാക്കിയത്.
ചരിത്രത്തിലാദ്യമായി ഡപ്യൂട്ടി സ്പീക്കറില്ലാതിരുന്നതും ഈ സഭയിലാണ്. സാധാരണ പ്രതിപക്ഷത്തിനു നൽകുന്ന പദവിയാണിത്. രാജ്യം 25 വർഷത്തിനകം വികസിതമാകുമെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്ന് സമാപനവേളയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വെള്ളിയാഴ്ച അവസാനിക്കേണ്ടിയിരുന്ന സമ്മേളനം രാമക്ഷേത്ര പ്രാണപ്രതിഷ്ഠ സംബന്ധിച്ച പ്രത്യേക ചർച്ചയ്ക്കു വേണ്ടി ഒരു ദിവസം കൂടി നീട്ടിയിരുന്നു. അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തിന്റെ അഭിമാനസ്തംഭമാണെന്ന് ലോക്സഭ പ്രമേയം പാസാക്കി. ക്ഷേത്രത്തിനു വഴിയൊരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സത്യപാൽ സിങ് അവതരിപ്പിച്ച പ്രമേയം അഭിനന്ദിച്ചു.
അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ സുവർണകാലഘട്ടത്തിന്റെ തുടക്കമാണെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ലോകത്തൊരിടത്തും ഭൂരിപക്ഷ സമുദായത്തിന് ആഗ്രഹം സഫലമാക്കാൻ ഇത്ര കാലം കാത്തിരിക്കേണ്ടി വന്നിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാമരാജ്യമെന്നാൽ എല്ലാവരുടെയും ക്ഷേമമാണെന്ന് കേന്ദ്രസർക്കാർ മറക്കരുതെന്ന് കോൺഗ്രസിൽ നിന്നു പ്രസംഗിച്ച ഗൗരവ് ഗൊഗോയ് പറഞ്ഞു. ഗാന്ധിജിയുടെ രാമനാണ് ഇന്ത്യയ്ക്കു വേണ്ടത്. ന്യൂനപക്ഷങ്ങൾക്കും പിന്നാക്കക്കാർക്കും ആശങ്കയുണ്ടാക്കുന്ന രാജ്യം രാമരാജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് എംപിമാർ ചർച്ച ബഹിഷ്കരിച്ചു. തമിഴ്നാടിനോട് അവഗണന കാണിക്കുന്നുവെന്നാരോപിച്ച് ഡിഎംകെ അംഗങ്ങൾ രാവിലെത്തന്നെ ഇറങ്ങിപ്പോയിരുന്നു.