കർഷകരുടെ ‘ദില്ലി ചലോ’ മാർച്ച് തടഞ്ഞ് ഹരിയാന പൊലീസ്; ലാത്തിച്ചാർജ്, കണ്ണീർവാതകം, ജലപീരങ്കി
Mail This Article
ന്യൂഡൽഹി ∙ കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ച കർഷകർക്കു നേരെ ഹരിയാനയിൽ പൊലീസ് അതിക്രമം. സിമന്റിട്ടുറപ്പിച്ച ബാരിക്കേഡുകളും മുള്ളുകമ്പികളും മണൽച്ചാക്കുകളും അള്ളും വരെ ഉപയോഗിച്ച് മാർഗതടസ്സം സൃഷ്ടിച്ച പൊലീസ് കർഷകരെ പിരിച്ചുവിടാൻ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഡ്രോൺ വഴിയും കണ്ണീർവാതകം പ്രയോഗിച്ചെന്നാണു വിവരം. 3 മാധ്യമപ്രവർത്തകരടക്കം 22 പേർക്കു പരുക്കേറ്റു.
ട്രക്കുകളിലും ട്രാക്ടറുകളിലും നടന്നുമെത്തിയ ആയിരക്കണക്കിനു കർഷകരെ ഹരിയാന–പഞ്ചാബ് അതിർത്തിയിലുള്ള ശംഭു, ഫത്തേബാദ്, ജിൻഡ് എന്നിവിടങ്ങളിലാണു തടഞ്ഞത്. ഡൽഹിയിൽനിന്നു 231 കിലോമീറ്റർ അകലെയുള്ള ശംഭുവിലായിരുന്നു അതിക്രമം ഏറ്റവും രൂക്ഷം. വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ജിൻഡിലുൾപ്പെടെ ലാത്തിച്ചാർജ് നടത്തി. പലയിടത്തും കർഷകർ ട്രാക്ടറുകൾ ഉപയോഗിച്ചു ബാരിക്കേഡുകൾ തകർത്തു. രാത്രി സംസ്ഥാന അതിർത്തിയിൽ തന്നെ തങ്ങാനും കേന്ദ്രസർക്കാരുമായുള്ള ചർച്ചകളുടെ ഫലം അറിഞ്ഞശേഷം തുടർനീക്കം നടത്താനുമാണു സമരക്കാരുടെ തീരുമാനം. 15 ജില്ലകളിൽ ഹരിയാന സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
6 മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങളും ഡീസലും കരുതിയിട്ടുണ്ടെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നും സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം) അറിയിച്ചു. ഇവരുമായി ഇന്നോ നാളെയോ വീണ്ടും ചർച്ച നടക്കും. 2021 ൽ കർഷക സമരം പിൻവലിക്കുമ്പോൾ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകരുടെ മാർച്ച്. അതിക്രമത്തെ അപലപിച്ചും ആവശ്യങ്ങളുന്നയിച്ചും നേതാക്കൾ പ്രധാനമന്ത്രിക്കു കത്തയച്ചു.
കർഷകരെ തടയരുത്: ഹൈക്കോടതി
കർഷകരെ തടയരുതെന്നും അവർക്കു ഹരിയാനയിലൂടെ കടന്നുപോകാൻ അവകാശമുണ്ടെന്നും പഞ്ചാബ്–ഹരിയാന ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ നിർദേശിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നോട്ടിസ് അയച്ചു.
∙ ‘കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ വിളകൾക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കും’ – രാഹുൽ ഗാന്ധി