മക്കൾ നേതാക്കളേ ഇതിലേ, ഇതിലേ...; കുടുംബാധിപത്യത്തെ പരിഹസിച്ച ബിജെപിക്ക് നിലപാടുമാറ്റം
Mail This Article
ന്യൂഡൽഹി ∙ പാർട്ടി നേതാക്കൾ ബിജെപിയിലേക്കു കൂടുമാറുമ്പോൾ കോൺഗ്രസ് ചോദിക്കുന്നു: ‘ആരാണ് ഇപ്പോൾ കുടുംബാധിപത്യ പാർട്ടി; ഞങ്ങളോ ബിജെപിയോ?’ കോൺഗ്രസിലായിരിക്കെ മന്ത്രി, ജനപ്രതിനിധി, സംഘടനാ ഭാരവാഹി തുടങ്ങിയ പദവികൾ വഹിച്ച രാഷ്ട്രീയ കുടുംബങ്ങളിലെ ‘മക്കൾ നേതാക്കൾ’ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെയും എൻഡിഎയുടെയും മുന്നണിപ്പോരാളികളായി രംഗത്തിറങ്ങാനൊരുങ്ങുകയാണ്.
∙ ജ്യോതിരാദിത്യ സിന്ധ്യ (മധ്യപ്രദേശ്):
മുൻ കോൺഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന മാധവ്റാവു സിന്ധ്യയുടെ മകൻ. യുപിഎ സർക്കാരിൽ കേന്ദ്ര സഹമന്ത്രി. 2020 ൽ ബിജെപിയിൽ ചേർന്നു. നിലവിൽ കേന്ദ്ര വ്യോമയാന മന്ത്രി.
∙ ജിതിൻ പ്രസാദ (യുപി):
എഐസിസി വൈസ് പ്രസിഡന്റായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകൻ. യുപിഎ സർക്കാരിൽ കേന്ദ്രസഹമന്ത്രി. 2021 ൽ ബിജെപിയിൽ. നിലവിൽ യുപി പൊതുമരാമത്ത് മന്ത്രി.
∙ആർ.പിഎൻ.സിങ് (യുപി):
ഇന്ദിരാ മന്ത്രിസഭയിൽ അംഗമായിരുന്ന സി.പി.എൻ.സിങ്ങിന്റെ മകൻ. യുപിഎ സർക്കാരിൽ കേന്ദ്ര സഹമന്ത്രി. 2022 ൽ ബിജെപിയിൽ. കഴിഞ്ഞ ദിവസം ബിജെപി രാജ്യസഭാ സീറ്റ് നൽകി.
∙ അശോക് ചവാൻ (മഹാരാഷ്ട്ര):
കേന്ദ്ര ആഭ്യന്തര മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ എസ്.ബി.ചവാന്റെ മകൻ. കോൺഗ്രസ് പ്രവർത്തക സമിതിയംഗം. ആദർശ് ഫ്ലാറ്റ് അഴിമതിയിക്കേസിൽപ്പെട്ടതിനെ തുടർന്ന് അശോകിന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. കഴിഞ്ഞ ദിവസം രാജിവച്ച് ബിജെപിയിൽ. ഇനി ബിജെപിയുടെ രാജ്യസഭാംഗം.
∙ റീത്ത ബഹുഗുണ ജോഷി (യുപി):
മുൻ മുഖ്യമന്ത്രി എച്ച്.എൻ.ബഹുഗുണയുടെ മകൾ. മഹിളാ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ്, യുപി പിസിസി പ്രസിഡന്റ്, എംഎൽഎ പദവികൾ വഹിച്ചു. 2016 ൽ ബിജെപിയിൽ. സംസ്ഥാനത്ത് ബിജെപി സർക്കാരിൽ വനിതാ, ശിശുക്ഷേമ മന്ത്രിയായി. നിലവിൽ ലോക്സഭാംഗം.
∙ മിലിന്ദ് ദേവ്‌റ (മഹാരാഷ്ട്ര):
മുൻ കേന്ദ്രമന്ത്രി മുരളി ദേവ്‌റയുടെ മകൻ. യുപിഎ സർക്കാരിൽ കേന്ദ്ര സഹമന്ത്രി. മുംബൈ പിസിസി പ്രസിഡന്റ്, ലോക്സഭാംഗം എന്നീ പദവികളും വഹിച്ചു. ജനുവരിയിൽ കോൺഗ്രസ് വിട്ട് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയിൽ (ഷിൻഡേ) ചേർന്നു.
∙ മാരി ശശിധർ റെഡ്ഡി (തെലങ്കാന):
അവിഭക്ത ആന്ധ്ര മുൻ മുഖ്യമന്ത്രി എം. ചെന്ന റെഡ്ഡിയുടെ മകൻ. അവിഭക്ത ആന്ധ്രയിൽ കോൺഗ്രസ് മന്ത്രി. 4 തവണ കോൺഗ്രസ് എംഎൽഎ. 2022 ൽ ബിജെപിയിൽ.
∙ കുൽദീപ് ബിഷ്ണോയ് (ഹരിയാന):
മുൻ മുഖ്യമന്ത്രി ഭജൻലാലിന്റെ മകൻ. കോൺഗ്രസ് എംപി, എംഎൽഎ പദവികൾ വഹിച്ചു. ഹരിയാന ജൻഹിത് കോൺഗ്രസ് എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി. 2022 ൽ ബിജെപിയിൽ.
∙ കിരൺ കുമാർ റെഡ്ഡി (ആന്ധ്ര):
അവിഭക്ത ആന്ധ്ര മുൻ മുഖ്യമന്ത്രി. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനും സംസ്ഥാന മന്ത്രിയുമായിരുന്ന എൻ.അമർനാഥ് റെഡ്ഡിയുടെ മകൻ. 2023 ൽ ബിജെപിയിൽ.
∙ സുനിൽ ഝാക്കർ (പഞ്ചാബ്):
കേന്ദ്രമന്ത്രിയും ലോക്സഭാ സ്പീക്കറും ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഗവർണറുമായിരുന്ന ബൽറാം ഝാക്കറുടെ മകൻ. പഞ്ചാബ് പിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ലോക്സഭാംഗം എന്നീ പദവികൾ വഹിച്ചു. 2022 ൽ ബിജെപിയിൽ. നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ.
∙ ജി.കെ.വാസൻ (തമിഴ്നാട്):
മുതിർന്ന കോൺഗ്രസ് നേതാവ് ജി.കെ.മൂപ്പനാരുടെ മകൻ. യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രി. തമിഴ്നാട് മുൻ പിസിസി പ്രസിഡന്റ്. 2014 ൽ തമിഴ് മാനില കോൺഗ്രസിൽ. നിലവിൽ എൻഡിഎക്കൊപ്പം.
∙ അനിൽ ആന്റണി (കേരളം):
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിനു നേതൃത്വം വഹിച്ചു. 2023 ൽ ബിജെപിയിൽ. നിലവിൽ ബിജെപി ദേശീയ സെക്രട്ടറി.