വാഹനാപകടം: ഇരട്ട നഷ്ടപരിഹാരമില്ലെന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ വാഹനാപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് ഇരട്ട നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അപകടത്തെ തുടർന്ന് മരിച്ചയാളുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെങ്കിൽ, ഇതു കഴിച്ചുവേണം മോട്ടർ വാഹന നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാനെന്ന് ജഡ്ജിമാരായ ബി.വി.നാഗരത്ന, അഗസ്റ്റിസ് ജോർജ് മസ്സി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഹരിയാന സർക്കാരിൽ ഡ്രൈവറായിരുന്ന ആൾ ജോലിക്കിടെ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നിരീക്ഷണം. സർക്കാർ 31.37 ലക്ഷം രൂപ നഷ്ടപരിഹാരമായി കുടുംബത്തിന് നൽകിയിരുന്നു. തുടർന്ന്, മോട്ടർ വാഹനനിയമ പ്രകാരമുള്ള നഷ്ടപരിഹാരം കുടുംബം ആവശ്യപ്പെട്ടെങ്കിലും ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ നിരാകരിച്ചു.
ഈ നടപടി ശരിവച്ചെങ്കിലും 3.02 ലക്ഷം രൂപ കൂടി നൽകാൻ ഹൈക്കോടതി വിധിച്ചു. 34 ലക്ഷം രൂപ ആവശ്യപ്പെട്ടതിൽ സർക്കാർ നൽകിയ 31 ലക്ഷം കഴിച്ചാണ് 3 ലക്ഷം രൂപ വിധിച്ചത്. ഇതു ചോദ്യംചെയ്താണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.