ശരദ് പവാർ കോൺഗ്രസിൽ തിരിച്ചെത്തുമെന്ന് അഭ്യൂഹം; ചെന്നിത്തല പവാറിനെ സന്ദർശിച്ചു
Mail This Article
മുംബൈ ∙ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന് അഭ്യൂഹം. ഇതുസംബന്ധിച്ച് ഇരുപാർട്ടികളും പ്രാഥമിക ചർച്ച നടത്തി. മഹാരാഷ്ട്രയുടെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പവാറിനെ സന്ദർശിച്ചിരുന്നു. എൻസിപിയിൽ കൂടിയാലോചനകൾ നടന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ, പവാറിന്റെ മകളും പാർട്ടി വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുളെ എംപിയും മറ്റു നേതാക്കളും ലയനനീക്കം നിഷേധിച്ചു.
അജിത് പവാർ പക്ഷവുമായുള്ള നിയമപോരാട്ടത്തിൽ ശരദ് പവാറിന് എൻസിപി ചിഹ്നവും പേരും നഷ്ടപ്പെട്ടിരുന്നു. ജനകീയ നേതാവായ അശോക് ചവാനെ കോൺഗ്രസിനും നഷ്ടപ്പെട്ടു. കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിടാനുള്ള സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ശരദ് വിഭാഗത്തെ തിരിച്ചെത്തിക്കാനായാൽ രാഷ്ട്രീയചിത്രം മാറുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ കണക്കുകൂട്ടൽ.
എന്നാൽ, പവാർ സമ്മതം മൂളുമോയെന്നതാണ് വലിയ ചോദ്യം. മഹാരാഷ്ട്രയിൽ പാർട്ടിയുടെ നിയന്ത്രണം തനിക്കു ലഭിക്കുന്ന സാഹചര്യം ഉറപ്പായാൽ മാത്രമേ അദ്ദേഹം വഴങ്ങാനിടയുള്ളൂ. ബാറ്റൺ കൈമാറാൻ കോൺഗ്രസ് സന്നദ്ധമാകുമോയെന്നതും ഇൗ നീക്കത്തിന്റെ ഗതി നിർണയിക്കും. കോൺഗ്രസിന്റെയും ശിവസേനയുടെയും സഖ്യകക്ഷിയായിട്ടായിരിക്കും ഇൗ തിരഞ്ഞെടുപ്പിലും മത്സരിക്കുകയെന്ന് അഭ്യൂഹങ്ങളോടു പ്രതികരിച്ച് സുപ്രിയ സുളെ പറഞ്ഞു.
സോണിയ ഗാന്ധിയുടെ വിദേശ പൗരത്വം ഉന്നയിച്ച് 1999ൽ കോൺഗ്രസ് വിട്ട് എൻസിപി രൂപീകരിച്ച പവാർ അക്കൊല്ലം തന്നെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ കോൺഗ്രസുമായി സഖ്യത്തിലെത്തിയിരുന്നു. ഇരു പാർട്ടികളും കൈകോർത്ത് 15 കൊല്ലം ഭരിച്ചതിനു ശേഷം 2014ൽ പരസ്പരം മത്സരിച്ചെങ്കിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസുമായി സഖ്യത്തിലായി.
മഹാവികാസ് അഘാഡിക്ക് രൂപം നൽകാൻ മുന്നിൽ നിന്ന പവാറിന് പക്ഷേ, സഹോദരപുത്രൻ അജിത് പവാറിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരും ബിജെപി പക്ഷത്തേക്കുപോയത് തിരിച്ചടിയായി.