ഇലക്ടറൽ ബോണ്ട് റദ്ദാക്കി; ബിജെപിക്കും കേന്ദ്രസർക്കാരിനും വൻ തിരിച്ചടി
Mail This Article
ന്യൂഡൽഹി ∙ രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന സ്വരൂപിക്കാൻ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന തിരഞ്ഞെടുപ്പു കടപ്പത്ര (ഇലക്ടറൽ ബോണ്ട്) പദ്ധതി സുപ്രീം കോടതി റദ്ദാക്കി. പദ്ധതി ഭരണഘടനാവിരുദ്ധമെന്നും പേരു വെളിപ്പെടുത്താതെയുള്ള സംഭാവനാരീതി, ആരാണ് പാർട്ടികൾക്കു പണം നൽകുന്നതെന്നറിയാൻ പൗരർക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രവിധി.
രാഷ്ട്രീയ സംഭാവനകൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനും സംഭാവനകൾ ബാങ്ക് വഴിയാക്കി സുതാര്യത കൊണ്ടുവരാനും ഉദ്ദേശിച്ചുള്ളതാണ് കടപ്പത്ര പദ്ധതിയെന്ന കേന്ദ്ര സർക്കാരിന്റെ വാദം തള്ളിയാണ് ബെഞ്ച് ഏകസ്വരത്തിൽ വിധി പറഞ്ഞത്.
രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്കു നീങ്ങവേ, കേന്ദ്ര സർക്കാരിനും ബിജെപിക്കും കനത്ത തിരിച്ചടിയാണു നടപടി. റദ്ദാക്കാൻ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ:
∙ വോട്ടു ചെയ്യാനുള്ള സ്വാതന്ത്ര്യം ഫലപ്രദമായി നിർവഹിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനാ വിവരവും സമ്മതിദായകർ അറിയേണ്ടത് അത്യാവശ്യമാണ്.
∙ വ്യക്തികളെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തി സംഭാവന നേടാൻ തിരഞ്ഞെടുപ്പു കടപ്പത്രങ്ങൾ വഴി ഭരിക്കുന്ന പാർട്ടിക്കു കഴിയും.
∙ സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമാക്കുന്നത് വോട്ടു രേഖപ്പെടുത്തുന്നതിലെ സ്വകാര്യതയ്ക്കു സമാനമാണെന്ന കേന്ദ്ര സർക്കാരിന്റെ വാദം അംഗീകരിക്കാനാകില്ല.
∙ പ്രത്യൂപകാരം പ്രതീക്ഷിച്ചാവാം സ്ഥാപനങ്ങൾ വൻതോതിൽ പണം നൽകുന്നത് എന്നതു പകലുപോലെ വ്യക്തം.
∙ തിരഞ്ഞെടുപ്പിലെ കള്ളപ്പണത്തിന്റെ സ്വാധീനം ഇല്ലാതാക്കാനുള്ള ഏകവഴി കടപ്പത്ര പദ്ധതിയല്ല. കടപ്പത്രത്തിന്റെ കാര്യത്തിലെ വിവരാവകാശ പരിമിതി പരിഗണിക്കുമ്പോൾ, ഈ ലക്ഷ്യം നിറവേറ്റുന്ന മറ്റു വഴികളുണ്ട്.
∙ രാഷ്ട്രീയ പാർട്ടികൾക്ക് പരിധിയില്ലാതെ കോർപറേറ്റുകളുടെ സംഭാവന നേടാൻ വഴിയൊരുക്കുന്ന കമ്പനികാര്യ നിയമത്തിലെ ഭേദഗതി നിയമവിരുദ്ധമാണ്.
കോടതിയുടെ നിർദേശങ്ങൾ
∙ കേസിൽ സുപ്രീം കോടതി ഇടക്കാല ഉത്തരവു നൽകിയ 2019 ഏപ്രിൽ 12നു ശേഷം പാർട്ടികൾക്കു കടപ്പത്രം വഴി കിട്ടിയ സംഭാവനാവിവരങ്ങൾ മാർച്ച് 6നു മുൻപായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറണം.
∙ കടപ്പത്രങ്ങൾ വാങ്ങിയ തീയതി, ഇതു മാറിയെടുത്തതു വഴി പാർട്ടികൾക്ക് ലഭിച്ച സംഭാവന സംബന്ധിച്ച വിവരങ്ങൾ, എത്ര രൂപ ലഭിച്ചു തുടങ്ങിയ കാര്യങ്ങൾ ഇതിലുണ്ടാകണം.
∙ എസ്ബിഐ നൽകുന്ന വിവരങ്ങൾ മാർച്ച് 13നു മുൻപായി തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
∙ രാഷ്ട്രീയ പാർട്ടികളുടെ കൈവശമുള്ളതും മാറിയെടുക്കാത്തതുമായ കടപ്പത്രങ്ങൾ ബാങ്കിന് മടക്കി നൽകണം. കടപ്പത്രം വാങ്ങിയ ആളിന് ബാങ്കുകൾ പണം മടക്കി നൽകണം.
ഒറ്റ വിധി, 2 വിധിന്യായം
ജഡ്ജിമാരായ ബി.ആർ.ഗവായ്, ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവർക്കു കൂടി വേണ്ടി ചീഫ് ജസ്റ്റിസ് വിധിന്യായമെഴുതിയപ്പോൾ, ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രത്യേക വിധിയെഴുതി. വിധിയോടു യോജിച്ചെങ്കിലും വ്യത്യസ്ത കാരണങ്ങൾ നിരത്തിയാണ് ജസ്റ്റിസ് ഖന്നയുടെ പ്രത്യേക വിധിന്യായം.
കടപ്പത്ര പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, സിപിഎം, കോൺഗ്രസ് നേതാവ് ഡോ. ജയ ഠാക്കൂർ, സ്പന്ദൻ ബിസ്വാൾ എന്നിവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്.
ഗിഫ്റ്റ് കൂപ്പൺ പോലെ പണം വരും, പേരറിയില്ല
നേരിട്ടു പണം കൈമാറുന്നതിനു പകരം ബാങ്ക് ലഭ്യമാക്കുന്ന കടപ്പത്രം (ബോണ്ട്) വഴി രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്ന രീതിയാണിത്. നിയമഭേദഗതികളിലൂടെ നരേന്ദ്ര മോദി സർക്കാർ 2017 ൽ കൊണ്ടുവന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതി 2018 ജനുവരിയിൽ പ്രാബല്യത്തിൽ വന്നു. പദ്ധതിയനുസരിച്ച്, വ്യക്തികൾക്കോ സ്ഥാപനത്തിനോ കടപ്പത്രം വാങ്ങാം. 1,000 രൂപയുടെ മുതൽ ഒരു കോടി രൂപയുടെ വരെ കടപ്പത്രങ്ങളുണ്ട്. കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന നിശ്ചിത സമയത്താകും ബാങ്ക് ഇത് ലഭ്യമാക്കുക. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ബാങ്കിൽനിന്നു വേണ്ട തുകയ്ക്കു കടപ്പത്രം വാങ്ങി താൽപര്യമുള്ള പാർട്ടിക്കു കൈമാറാം. പാർട്ടികൾക്ക് ഇതു ബാങ്കിൽ നൽകി പണമാക്കാം. ഗിഫ്റ്റ് കൂപ്പണുകൾ പ്രവർത്തിക്കുന്നതിനു സമാനമായ രീതി.
പണം നൽകി ബോണ്ട് വാങ്ങിയ ആളിന്റെ പേര് രഹസ്യമായിരിക്കും. ബാങ്ക് വഴിയുള്ള ഇടപാടായതിനാൽ സുതാര്യത സർക്കാർ അവകാശപ്പെട്ടപ്പോൾ, പേരുവെളിപ്പെടുത്താത്തതു വഴി ഭരിക്കുന്ന പാർട്ടിയിലേക്ക് പണം കുമിഞ്ഞുകൂടാൻ വഴിയൊരുങ്ങുമെന്നു പ്രതിപക്ഷം വിമർശിച്ചു.
ബിജെപിക്ക് ആറിരട്ടി !
2017 മുതൽ 2023 വരെ ഓരോ പാർട്ടികൾക്കും ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ച സംഭാവനാവിവരങ്ങൾ കോടതി ഉത്തരവിൽ രേഖപ്പെടുത്തി. ഈ കാലയളവിൽ ബിജെപിക്ക് 6,566.11 കോടി രൂപയും കോൺഗ്രസിന് 1,123.3 കോടി രൂപയും ലഭിച്ചു. തൃണമൂൽ കോൺഗ്രസിന് കിട്ടിയത് 1,092 കോടി രൂപ.
കഴിഞ്ഞ മാസം 2 മുതൽ 11വരെ ബോണ്ട് പദ്ധതിയുടെ പുതിയ ഗഡു നടപ്പാക്കിയിരുന്നു. മൊത്തം 571.80 കോടിയുടെ കടപ്പത്രങ്ങളാണ് 9 ദിവസംകൊണ്ടു വിറ്റുപോയത്. അതിൽ 570.05 കോടിയുടെ കടപ്പത്രങ്ങൾ പാർട്ടികൾ പണമാക്കി മാറ്റി. പണമാക്കാനുള്ള കടപ്പത്രങ്ങൾ തിരികെ നൽകണമെന്ന കോടതി നിർദേശം ബാധകമാകുന്നത് 1.75 കോടിക്കു മാത്രമാണ്.