കുറുക്കുവഴിയൊരുക്കി 4 ഭേദഗതികൾ; രാജ്യസഭ കടക്കാൻ 2017 ൽ അവതരിപ്പിച്ചത് ധനബില്ലായി
Mail This Article
ന്യൂഡൽഹി ∙ കുറുക്കുവഴിയിലൂടെ 2017 ൽ മോദി സർക്കാർ പാസാക്കിയ ധനബില്ലിലെ വ്യവസ്ഥകൾക്കാണ് ഇപ്പോൾ സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടത്. രാജ്യസഭയ്ക്കു നിർണയാധികാരമില്ലാത്ത ധനബിൽ വഴി, അന്നത്തെ ധനമന്ത്രി അരുൺ ജയ്റ്റ്ലി ബില്ലുകൾ കൂട്ടത്തോടെ അവതരിപ്പിക്കുകയായിരുന്നു. ധനബില്ലായതിനാൽ പാർലമെന്റ് സമിതികളിൽ പോലും ചർച്ച വേണ്ടിവന്നില്ല. 2017 ൽ തന്നെ വിഷയം കോടതിയുടെ പരിഗണനയിലെത്തി. 7 വർഷത്തിനു ശേഷം സുപ്രധാനമായ 4 നിയമഭേദഗതികൾ ഒഴിവാക്കി, രാഷ്ട്രീയ സംഭാവനകൾക്കുള്ള നിയന്ത്രണം പുനഃസ്ഥാപിക്കുകയാണ് സുപ്രീം കോടതി ചെയ്തത്.
4 വിവാദ ഭേദഗതികൾ
ജനപ്രാതിനിധ്യ നിയമം, കമ്പനികാര്യ നിയമം, ആദായനികുതി നിയമം, ആർബിഐ നിയമം എന്നിവയിൽ 2017 ൽ കൊണ്ടുവന്ന ഭേദഗതികളാണ് കോടതി നിയമവിരുദ്ധമെന്നു വിധിച്ചത്. ആ ഭേദഗതികൾ ഇങ്ങനെ:
1) ജനപ്രാതിനിധ്യ നിയമത്തിലെ 29സി പ്രകാരം, രാഷ്ട്രീയ പാർട്ടികൾ അതതു സാമ്പത്തിക വർഷം ലഭിക്കുന്ന സംഭാവനകളുടെ റിപ്പോർട്ട് തയാറാക്കണം. 20,000 രൂപയിൽ കൂടുതലുള്ള എല്ലാ സംഭാവനകളും ഇതിൽ വ്യക്തമാകണം. ഇലക്ടറൽ ബോണ്ട് വഴിയുള്ള സംഭാവനകൾക്ക് ഈ നിബന്ധനകൾ ബാധകമല്ലെന്നു ഭേദഗതി കൊണ്ടുവന്നു.
2) കമ്പനികാര്യ നിയമത്തിന്റെ 182 (1) വകുപ്പുപ്രകാരം, ഒരു കമ്പനിക്ക് സാമ്പത്തിക വർഷത്തിൽ സംഭാവന ചെയ്യാൻ കഴിയുന്ന പണത്തിനു പരിധിയുണ്ടായിരുന്നു. സംഭാവനാ വിവരങ്ങൾ വെളിപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. പരിധി നീക്കുകയും സംഭാവന നൽകിയ ആകെ തുക എത്രയെന്നതു മാത്രമാക്കി വെളിപ്പെടുത്തൽ പരിമിതപ്പെടുത്തുകയുമാണ് 2017ൽ ചെയ്തത്.
3) ആദായനികുതി നിയമത്തിലെ 13എ(ബി) വകുപ്പ് രാഷ്ട്രീയ പാർട്ടികളുടെ മൊത്തവരുമാനവുമായി ബന്ധപ്പെട്ടതാണ്. 20,000 രൂപയ്ക്കു മുകളിലുള്ള എല്ലാ സംഭാവനകളുടെയും രേഖ സൂക്ഷിക്കണം, സംഭാവന നൽകിയ വ്യക്തിയുടെ പേരും വിലാസവും വേണം, സ്വമേധയാ ഉള്ള സംഭാവനകൾ മൊത്തം വരുമാനത്തിന്റെ ഭാഗമാക്കരുത് എന്നിങ്ങനെയായിരുന്നു വ്യവസ്ഥകൾ. 20,000 രൂപയിൽ കൂടുതലുള്ള എല്ലാ സംഭാവനകളും ഇലക്ടറൽ ബോണ്ട് വഴിയും മറ്റുമാക്കണമെന്നതായിരുന്നു 2017ൽ കൊണ്ടുവന്ന ഭേദഗതി.
4) ആർബിഐ നിയമത്തിലെ 31–ാം വകുപ്പു പ്രകാരം, ആർബിഐയ്ക്കോ ആർബിഐ അനുവദിക്കുമെങ്കിൽ കേന്ദ്ര സർക്കാരിനോ മാത്രമാണ് കടപ്പത്രം ഇറക്കാൻ അനുമതിയുള്ളത്. 2017 ൽ ധനബില്ലിലൂടെ ആർബിഐ നിയമത്തിൽ 31(3) എന്ന ഉപവകുപ്പ് കൊണ്ടുവന്നു. ഇതോടെ, ഇലക്ടറൽ ബോണ്ട് ഇറക്കാൻ ഷെഡ്യൂൾഡ് ബാങ്കുകൾക്ക് അനുമതി നൽകാൻ കേന്ദ്ര സർക്കാരിനു കഴിയുമെന്നായി.
2019 ൽ സ്റ്റേ ചെയ്തില്ല; എത്തിയത് 3078 കോടി
ന്യൂഡൽഹി ∙ പൊതുതിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കുമ്പോഴാണ് കോടതി വിധി. ഇതേ കേസിൽ ഇടക്കാല ഉത്തരവുണ്ടായത് 2019 ലെ പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം കഴിഞ്ഞാണ്. പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം അന്ന് കോടതി അംഗീകരിച്ചില്ല. ആ വർഷം ഏപ്രിൽ – മേയ് മാസങ്ങളിലായി പാർട്ടികൾക്കു കടപ്പത്രങ്ങളിലൂടെ ലഭിച്ചത് 3078.27 കോടി രൂപയാണ്.