കമൽനാഥ് ഡൽഹിയിൽ; ബിജെപിയിലേക്കുതന്നെ; മകന്റെ സമൂഹമാധ്യമ പ്രൊഫൈലിൽ ‘കോൺഗ്രസ്’ ഒഴിവാക്കി
Mail This Article
ന്യൂഡൽഹി ∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന കമൽനാഥ് ബിജെപിയിലേക്ക്. ഇതുസംബന്ധിച്ച് ഒരാഴ്ചയായി തുടരുന്ന അഭ്യൂഹത്തിനു ശക്തിപകർന്ന് കമൽനാഥ് ഇന്നലെ ഡൽഹിയിലെത്തി. അദ്ദേഹത്തിനൊപ്പം ബിജെപിയിലേക്കു പോകുമെന്നു കരുതപ്പെടുന്ന മകനും ചിന്ദ്‍വാര എംപിയുമായ നകുൽനാഥ് സമൂഹമാധ്യമമായ എക്സിലെ തന്റെ പ്രൊഫൈലിൽനിന്ന് കോൺഗ്രസ് എന്ന പേരൊഴിവാക്കി.
ബിജെപി നേതൃത്വവുമായി ഇരുവരും ഉടൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണു വിവരം. മധ്യപ്രദേശിൽ കോൺഗ്രസിന്റെ ഏക എംപിയാണു നകുൽനാഥ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരം പിടിച്ചാൽ നകുൽനാഥിനു കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചേക്കും.
മധ്യപ്രദേശിൽനിന്നു രാജ്യസഭാംഗമാക്കണമെന്ന ആവശ്യം കോൺഗ്രസ് ഹൈക്കമാൻഡ് നിരസിച്ചതാണ് ബിജെപിയിലേക്കു പാലമിടാൻ കമൽനാഥിനെ പ്രേരിപ്പിച്ചത്. ഡൽഹിയിലെത്തിയ അദ്ദേഹത്തോട് ബിജെപിയിൽ ചേരുമോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ എല്ലാ കാര്യങ്ങളും ഉചിത സമയത്തു നിങ്ങളെ അറിയിക്കാം എന്നായിരുന്നു മറുപടി.
നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസിന്റെ നേതൃപദവികളിൽനിന്ന് ഹൈക്കമാൻഡ് തന്നെ നീക്കിയതിൽ കമൽനാഥിന് അമർഷമുണ്ടായിരുന്നു. കമൽനാഥ് ബിജെപിയിൽ ചേരുന്നതിനോട് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം ദേശീയ രാഷ്ട്രീയം ഉറ്റുനോക്കും. കോൺഗ്രസിൽ കമൽനാഥുമായി പോരടിച്ചാണ് 2020 ൽ സിന്ധ്യ ബിജെപിയിൽ ചേക്കേറിയത്.