മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഡിൽ പൊലീസ് കമാൻഡർക്ക് വീരമൃത്യു
Mail This Article
ബിജാപുർ ∙ ഛത്തീസ്ഗഡിൽ സുരക്ഷാസേനയുടെ കമാൻഡർ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചു. ഛത്തീസ്ഗഡ് ആംഡ് ഫോഴ്സ് (സിഎഎഫ്) കമാൻഡർ ടിജാവ റാം ഭുര്യയെ പട്ടാപ്പകൽ മാവോയിസ്റ്റ് സംഘം മഴു ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ബിജാപുർ ജില്ലയിലെ കുട്രു പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാവിലെ ഒമ്പതരയോടെയാണു സംഭവം.
ചന്തയിൽനിന്നു സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയാണ് 2 മാവോയിസ്റ്റുകൾ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന പൊലീസുകാരൻ രക്ഷപ്പെട്ടു. പൊലീസ് ക്യാംപിന് 200 മീറ്റർ മാത്രം അകലെയാണു സംഭവം നടന്നത്. കൂടുതൽ പൊലീസുകാർ എത്തുംമുൻപേ മാവോയിസ്റ്റ് സംഘം കടന്നുകളഞ്ഞു.
അതിനിടെ, സുക്മ ജില്ലയിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ പുവർത്തി ഗ്രാമത്തിൽ സുരക്ഷാ സേനയുടെ ക്യാംപ് സ്ഥാപിച്ചു. ബസ്തർ ജില്ലയിൽ സുരക്ഷാ സേനയ്ക്കു നേരെയുള്ള ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന മാവോയിസ്റ്റ് നേതാവ് മദ്വി ഹിദ്മയുടെ ഗ്രാമമാണിത്. കൊടുംകാടിനുള്ളിലാണ് ഈ പ്രദേശം.
ഒഡീഷ, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബസ്തർ മേഖല ദീർഘകാലമായി മാവോയിസ്റ്റുകളുടെ ‘ജനതാന സർക്കാർ’ ആണു നിയന്ത്രിക്കുന്നത്. ഇവിടെ പൊലീസിനു പ്രവേശനമില്ലായിരുന്നു. ബസ്തർ മേഖലയിൽ കഴിഞ്ഞ നവംബറിനുശേഷം 14 സുരക്ഷാ ക്യാംപുകൾ സ്ഥാപിക്കാൻ സേനയ്ക്കു സാധിച്ചു.