കുക്കി മേഖലയിൽ സർക്കാർ ഓഫിസ് ബഹിഷ്കരണം
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ കുക്കി ഗോത്രമേഖലയായ ചുരാചന്ദ്പുരിലും ഫെർസ്വാളിലും ജീവനക്കാർ സർക്കാർ ഓഫിസ് ബഹിഷ്കരണം ആരംഭിച്ചു. ചുരാചന്ദ്പുരിലെ കലക്ടറും എസ്പിയും ജില്ല വിട്ട് പോകണമെന്ന ഗോത്രസംഘടനകളുടെ ആവശ്യം നിരാകരിച്ചതിനെത്തുടർന്നാണ് ഇത്. കുക്കി വംശജനായ ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തതിനെത്തുടർന്നാണ് ചുരാചന്ദ്പുരിൽ സമരം ആരംഭിച്ചത്. കലക്ടറുടെ ഓഫിസും ഔദ്യോഗിക വസതിയും സമരക്കാർ തകർത്തിരുന്നു. 2 ഗോത്രവിഭാഗക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവയ്പിൽ കൊല്ലപ്പെടുകയും ചെയ്തു. സായുധരായ ഗ്രാമീണർക്കൊപ്പം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടതിനാണ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തത്.
സ്കൂളുകൾ ഒഴികെ സർക്കാർ സ്ഥാപനങ്ങൾ മുഴുവൻ ഇന്നലെ സ്തംഭിച്ചു. ജോലിക്ക് വരാത്തവർക്ക് ശമ്പളമുണ്ടാകില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അസം റൈഫിൾസ് ക്യാംപിലാണ് കലക്ടർ കഴിയുന്നത്. ഇന്ത്യ റിസർവ് ബറ്റാലിയൻ ക്യാംപിൽ നിന്ന് ആയുധങ്ങൾ കവർന്ന സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഈ മാസം 13 നാണ് ആയുധങ്ങൾ കവർന്നത്. ചുരാചന്ദ്പുരിൽ എസ്പി ഓഫിസിനും മിനി സെക്രട്ടേറിയറ്റിനും നേരെ ജനക്കൂട്ടം നടത്തിയ ആക്രമണത്തെക്കുറിച്ചും മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.