കർഷകർക്കായി പുതിയ പദ്ധതി നിർദേശവുമായി കേന്ദ്രം; കർഷകരുടെ തീരുമാനം ഇന്ന്
Mail This Article
ന്യൂഡൽഹി ∙ ‘ദില്ലി ചലോ’ സമരം ചെയ്യുന്ന കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള നാലാംവട്ട ചർച്ചകൾ ചണ്ഡീഗഡിൽ നടത്തി. എൻസിസിഎഫ്, നാഫെഡ് തുടങ്ങിയ സഹകരണസ്ഥാപനങ്ങൾ അടുത്ത 5 വർഷത്തേക്ക് കർഷകരുമായി കരാറുണ്ടാക്കാനും മിനിമം താങ്ങുവിലയിൽ ധാന്യങ്ങൾ വാങ്ങാനും കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യ ഇതേ രീതിയിൽ പരുത്തി വാങ്ങാനും കരാറുണ്ടാക്കുന്ന പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ രാത്രി അറിയിച്ചു. പദ്ധതികളിൽ കർഷകരുടെ തീരുമാനം ഇന്നത്തോടെ അറിയാമെന്നാണു പ്രതീക്ഷ.
പഞ്ചാബ് ഹരിയാന അതിർത്തിയിലെ ശംഭു, ഖനൂരി എന്നിവിടങ്ങളിൽ നൂറുകണക്കിനു കർഷകരാണ് ഉപരോധസമരം നടത്തുന്നത്.മിനിമം താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്നാണു കർഷകരുടെ ആവശ്യം. കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട, ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. നേരത്തേ മൂന്നു തവണ ചർച്ചകൾ നടത്തിയെങ്കിലും ഫലപ്രദമായിരുന്നില്ല.
അതിനിടെ നേരത്തേ 13 മാസം നീണ്ട കർഷക സമരത്തിനു നേതൃത്വം നൽകിയ ഭാരതീയ കിസാൻ യൂണിയൻ (ചാരുണി വിഭാഗം) ചർച്ചകൾ പരാജയപ്പെട്ടാൽ കർഷക സമരത്തിൽ ചേരുമെന്നു പ്രഖ്യാപിച്ചു. ബികെയു നേതാവ് ഗുർനാംസിങ് ചാരുണി ഇന്നലെ ഹരിയാനയിൽ വിവിധ കർഷക സംഘടനകളുടെയും ഖാപ് പഞ്ചായത്തുകളുടെയും സംയുക്ത യോഗത്തിനു ശേഷമാണ് ഇക്കാര്യമറിയിച്ചത്. കൃഷി നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ സമരം നയിച്ച ബികെയു ഇത്തവണ സമരത്തിൽ പങ്കുചേർന്നിരുന്നില്ല.
സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നതിനെ അംഗീകരിക്കില്ലെന്ന് സംയുക്ത ഖാപ് പഞ്ചായത്ത് സമിതി കോഓർഡിനേറ്റർ ഓം പ്രകാശ് ധൻകറും പറഞ്ഞു. പഞ്ചാബിലെ വിവിധ ജില്ലകളിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം 24വരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടി. 12 മുതൽ 16വരെയാണു നേരത്തേ നിരോധനമുണ്ടായിരുന്നത്.