സന്ദേശ്ഖലി സമരം ശക്തം, സുവേന്ദു അധികാരിയും ബൃന്ദ കാരാട്ടും സന്ദർശിച്ചു
Mail This Article
കൊൽക്കത്ത ∙ ബംഗാളിൽ വനിതകളുടെ സമരം നടക്കുന്ന സന്ദേശ്ഖലിയിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് എന്നിവരെ പൊലീസ് തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ സന്ദർശനം അനുവദിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. കഴിഞ്ഞ 8 ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് സുവേന്ദു അധികാരിയെ പൊലീസ് തടയുന്നത്.
ഏതാനും മണിക്കൂറുകൾക്ക് ശേഷം കോടതി ഉത്തരവിന്റെ പിൻബലത്തിൽ സുവേന്ദു അധികാരി സന്ദേശ്ഖലിയിലെത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും അനുയായികളും പീഡിപ്പിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പ്രതിപക്ഷ നേതാവ് കണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശ്ഖലി സന്ദർശിച്ചേക്കുമെന്ന് സുവേന്ദു അധികാരി സൂചന നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സന്ദേശ്ഖലി മുഖ്യവിഷയമാക്കാൻ ബിജെപി തയാറെടുക്കുകയാണ്.
തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവായ ഷാജഹാൻ ഷെയ്ഖും അനുയായികളും ബലാത്സംഗം ചെയ്യുകയും ചെമ്മീൻ കെട്ടിനായി ഭൂമി തട്ടിയെടുക്കുകയും ചെയ്തുവെന്നാരോപിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ സമരം തുടരുകയാണ്. ഷാജഹാൻ ഷെയ്ഖ് ഇതുവരെ പിടികൊടുത്തിട്ടില്ല. അയാൾ ബംഗ്ലദേശിലേക്ക് കടന്നുവെന്നാണ് സൂചന.