വിവാഹിതയായതിന്റെ പേരിൽ പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധം: മലയാളി മിലിറ്ററി നഴ്സിന്റെ കേസിൽ സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ വിവാഹിതയാണെന്നതും കുടുംബ ഉത്തരവാദിത്തങ്ങളുണ്ടെന്നതും ചൂണ്ടിക്കാട്ടി സ്ത്രീയെ ജോലിയിൽ നിന്നു പിരിച്ചുവിടുന്നതു ഭരണഘടനാവിരുദ്ധമെന്നു സുപ്രീം കോടതി വിധിച്ചു. കരസേനയിലെ മിലിറ്ററി നഴ്സിങ് സർവീസിൽ നിന്ന് 36 വർഷം മുൻപു പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് സെലിന ജോണിന്റെ കേസിലാണു സുപ്രധാനവിധി. നഷ്ടപരിഹാരമായ 60 ലക്ഷം രൂപ 8 ആഴ്ചയ്ക്കുള്ളിൽ നൽകാനും കോടതി നിർദേശിച്ചു.
ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന സെലിന 1982 ലാണ് ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ട്രെയിനായി ജോലിയിൽ പ്രവേശിച്ചത്. 1985 ൽ ലഫ്റ്റനന്റ് റാങ്കിൽ സെക്കന്ദരാബാദിലായിരുന്നു ആദ്യ നിയമനം. 1988 ൽ ലക്നൗവിലായിരിക്കെ വിവാഹിതയായതിനു പിന്നാലെയാണ് സേന ഒഴിവാക്കിയത്. കേസ് തുടരുന്നതിനിടെ, സെലിനയെ പിരിച്ചുവിടാൻ കാരണമായ സേവന വ്യവസ്ഥ കരസേന 1995 ൽ റദ്ദാക്കിയിരുന്നു.
ഇതിനിടെ, സെലിനയെ ജോലിയിൽ തിരിച്ചെടുക്കാൻ ആംഡ് ഫോഴ്സസ് ട്രൈബ്യൂണലിന്റെ ലക്നൗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. സെലിന ഇടക്കാലത്തു സ്വകാര്യ സ്ഥാപനത്തിൽ നഴ്സായി ജോലി ചെയ്തിരുന്നതായി അവരുടെ അഭിഭാഷകരായ അജിത് കാക്കർ കോടതിയിൽ ചൂണ്ടിക്കാട്ടി. സേനയുടെ നടപടി തെറ്റായിരുന്നുവെന്നു കോടതി വ്യക്തമാക്കി. ഇതംഗീകരിക്കുന്നതു മനുഷ്യന്റെ അന്തസ്സിനും അവകാശത്തിനും എതിരാണെന്നു ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവർ ചൂണ്ടിക്കാട്ടി.