ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ മുതിർന്ന നിയമജ്ഞനും ഗ്രന്ഥകാരനും മുൻ രാജ്യസഭാംഗവുമായ ഫാലി എസ്. നരിമാൻ (95) അന്തരിച്ചു. ഇന്നലെ പുലർച്ചെ സ്വവസതയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ 10ന് ഡൽഹി ഖാൻ മാർക്കറ്റിനടുത്തെ ആരാംഘട്ട് ശ്മശാനത്തിൽ. ഭാര്യ പരേതയായ ബാപ്സി നരിമാൻ. മക്കൾ: സുപ്രീം കോടതി മുൻ ജഡ്ജി റോഹിന്റൻ എഫ്. നരിമാൻ, അനഹീത നരിമാൻ.

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ ഓഫിസറായി ബോംബെയിൽനിന്നു ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബർമയിലെത്തിയ സാം നരിമാന്റെയും ബർമക്കാരി ബാനു ബർജർജിയുടെയും മകനായി 1929 ജനുവരി 10നാണ് ജനനം. അമ്മയുടെ പൂർവികർ കോഴിക്കോട്ടുനിന്നു ബർമയിലെത്തിയവരായിരുന്നു. ബർമയിലെ ജപ്പാൻ അധിനിവേശത്തെത്തുടർന്ന്,  12–ാം വയസ്സിൽ കുടുംബത്തിനൊപ്പം ഫാലിയും റങ്കൂണിൽനിന്ന് ഇന്ത്യയിലേക്കു പലായനം ചെയ്തു.

1950 ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷക ജീവിതം തുടങ്ങി. 1961 ൽ സീനിയർ അഭിഭാഷകനായി. 1972 ൽ ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലായി (എഎസ്ജി). എന്നാൽ, 1975 ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്തദിവസം സ്ഥാനം രാജിവച്ചു.

ഭരണഘടന പൗരർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ റദ്ദു ചെയ്യാൻ പാർലമെന്റിനു കഴിയില്ലെന്ന വിധിയുണ്ടായ ഗോലക്നാഥ് കേസ്, ഭരണഘടനാഭേദഗതിക്കു പാർലമെന്റിനുള്ള അധികാരം സംബന്ധിച്ച മിനർവ മിൽസ് കേസ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശം സംബന്ധിച്ച ടിഎംഎ പൈ കേസ് തുടങ്ങി സുപ്രധാനമായ കേസുകളിൽ സുപ്രീം കോടതിയിൽ വാദിച്ചു. സംസ്ഥാന സർക്കാരുകൾക്കും സ്ഥാപനങ്ങൾക്കും നിയമോപദേശം നൽകുന്നത് അവസാനം വരെ തുടർന്നു.

1991 ൽ പത്മഭൂഷണും 2007 ൽ പത്മവിഭൂഷണും ലഭിച്ചു. 1999 മുതൽ 2005 വരെ രാജ്യസഭയിൽ നോമിനേറ്റഡ് അംഗമായിരുന്നു. തർക്കപരിഹാര കേസുകളിലും (ആർബിട്രേഷൻ) വിദഗ്ധനായിരുന്ന നരിമാൻ, 1994 മുതൽ 2002 വരെ ഇന്റർനാഷനൽ കൗൺസിൽ ഫോർ കൊമേഴ്സ്യൽ ആർബിട്രേഷന്റെ അധ്യക്ഷനായിരുന്നു.

ജുഡീഷ്യറിയുടെ സംശുദ്ധിക്കായി ശക്തമായി വാദിച്ച നരിമാൻ, അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങളുടെ നിഷേധങ്ങൾക്കെതിരെ കോടതിയിലും പാർലമെന്റിലും ലേഖനങ്ങളിലൂടെയും മുഖം നോക്കാതെ ശബ്ദിച്ചു. നർമദ പദ്ധതി കേസിൽ ഗുജറാത്ത് സർക്കാരിനുവേണ്ടി ഹാജരായ നരിമാൻ, സംസ്ഥാനത്ത് ക്രൈസ്തവർക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കേസിൽനിന്നു പിൻമാറി. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 

രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു. മലയാള മനോരമയ്ക്കും ദ് വീക്കിനും വേണ്ടി റസിഡന്റ് എഡിറ്റർ (ഡൽഹി) ആർ.പ്രസന്നൻ‍ പുഷ്പചക്രം സമർപ്പിച്ചു.

English Summary:

Eminent Jurist and senior supreme court advocate Fali S Nariman passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com