ബഹിരാകാശ രംഗത്ത് വിദേശനിക്ഷേപം ഇനി 100% വരെ
Mail This Article
ന്യൂഡൽഹി ∙ ബഹിരാകാശ മേഖലയിൽ 100% വരെ വിദേശനിക്ഷേപം അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നിലവിൽ സർക്കാർ മുഖേനയാണ് നിക്ഷേപം സ്വീകരിക്കുന്നത്. ഇതിനായി വിദേശനിക്ഷേപ നയത്തിൽ മാറ്റംവരുത്തി. ഉപഗ്രഹരംഗത്ത് 74%, വിക്ഷേപണ മേഖലയിൽ 49%, മറ്റ് അനുബന്ധ മേഖലകളിൽ 100% വരെ എന്നിങ്ങനെ നിക്ഷേപം നേരിട്ടു സ്വീകരിക്കാമെന്നു മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
കന്നുകാലി ഇൻഷുറൻസ് പ്രീമിയം 15% ആയി കുറയ്ക്കാനും തീരുമാനിച്ചു. കാലിത്തീറ്റയ്ക്കുള്ള കൃഷി സംരംഭങ്ങൾക്ക് 50% വരെ ധനസഹായം നൽകും. ഇത്തരം കൃഷിക്കു വനേതര ഭൂമി അനുവദിക്കും. ഫാക്ടറികൾ എടുക്കുന്ന കരിമ്പിന്റെ ന്യായവില ക്വിന്റലിന് 340 രൂപയാക്കി ഉയർത്തും.
വനിതാ സുരക്ഷയ്ക്കായി 1179.72 കോടിയുടെ പ്രത്യേക പദ്ധതി നടപ്പാക്കും. അടിയന്തര സേവന പദ്ധതിയുടെ വിപുലീകരണം, ഫൊറൻസിക് ലാബുകളുടെ നവീകരണം, നാഷനൽ ഫൊറൻസിക് ഡേറ്റ സെന്റർ സ്ഥാപിക്കൽ, സൈബർ കുറ്റകൃത്യങ്ങൾ തടയൽ എന്നിവയ്ക്കു പ്രാമുഖ്യം നൽകും.