സന്ദേശ്ഖലി സമരത്തിനിടെ പുതിയ വിവാദം
Mail This Article
കൊൽക്കത്ത ∙ ബംഗാളിൽ പ്രക്ഷോഭം നടക്കുന്ന സന്ദേശ്ഖലി സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സിഖ് ഐപിഎസ് ഉദ്യോഗസ്ഥനെ ഖലിസ്ഥാനി എന്നു വിളിച്ചുവെന്ന വിവാദം ആളിക്കത്തുന്നു. സുവേന്ദുവിനെതിരേ നടപടിയുണ്ടാകുമെന്ന് ബംഗാൾ പൊലീസ് പറഞ്ഞു. എന്നാൽ, ആരോപണം 24 മണിക്കൂറിനകം തെളിയിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവായ സുവേന്ദു അധികാരി തിരിച്ചടിച്ചു. ദേശീയ നേതാക്കളും വിഷയം ഏറ്റെടുത്തതോടെ വിവാദം പുതിയ തലത്തിലെത്തി.
തൃണമൂൽ പ്രാദേശിക നേതാവ് ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്ത്രീകളെ കാണാൻ കഴിഞ്ഞ ദിവസം സുവേന്ദു അധികാരി സന്ദേശ്ഖലിയിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞിരുന്നു. കോടതി ഉത്തരവിന്റെ പിൻബലത്തിൽ വീണ്ടും അദ്ദേഹം സ്ഥലത്തെത്തി. ഈ സമയം സ്പെഷൽ എസ്പി ജസ്പ്രീത് സിങ്ങുമായി വാക്കേറ്റമുണ്ടായി. സുവേന്ദു ജസ്പ്രീതിനെ ഖലിസ്ഥാനി എന്നുവിളിച്ചുവെന്നാണ് ആരോപണം. തലപ്പാവ് കണ്ട് പരാമർശം നടത്തുന്നത് ശരിയല്ലെന്നും മതത്തെ അപഹസിക്കരുതെന്നും ജസ്പീത് ബിജെപി നേതാക്കളോടു പൊട്ടിത്തെറിച്ചു.