ചണ്ഡിഗഡിലേത് ചെറിയ ക്രമക്കേടല്ല; തിരഞ്ഞെടുപ്പ് ദുഷ്പെരുമാറ്റമാണ് സംഭവിച്ചത്: സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ ‘ഇന്ത്യ’ മുന്നണി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ 8 വോട്ടുകൾ അസാധുവാക്കിയ ചണ്ഡിഗഡ് മുനിസിപ്പൽ തിരഞ്ഞെടുപ്പിനെ സാധാരണ ക്രമക്കേടായി കാണാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വരണാധികാരി നേരിട്ടു നടത്തിയ തിരഞ്ഞെടുപ്പു ദുഷ്പെരുമാറ്റമാണ് സംഭവിച്ചതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിലെ തീർപ്പു നേരത്തേതന്നെ പറഞ്ഞിരുന്നെങ്കിലും വിധിന്യായം ഇന്നലെയാണു പുറത്തുവന്നത്. ഇത്തരം കൗശലത്തിലൂടെ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കുന്ന അസാധാരണ സാഹചര്യത്തിൽ ഇടപെടേണ്ടതും സവിശേഷ അധികാരം ഉപയോഗിക്കേണ്ടതും കടമയായി കാണുവെന്നും ഉത്തരവിലുണ്ട്.
തിരഞ്ഞെടുപ്പു പ്രക്രിയയുടെ പരിശുദ്ധി കാക്കാൻ, ചെറിയ ബൂത്തിലേക്കു നടന്നെത്തി, ചെറുകടലാസിൽ, ചെറിയ അടയാളം രേഖപ്പെടുത്തുന്ന ചെറു മനുഷ്യൻ തന്നെയാകണമെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിന്യായം ഉപസംഹരിക്കുന്നത്. സമാനമായി ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ പറഞ്ഞ ഉദ്ധരണികളും വിധിയുടെ ഭാഗമാക്കി. തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ബിജെപിയെ സഹായിച്ച വരണാധികാരി അനിൽ മസിക്കെതിരായ നടപടികൾ സംബന്ധിച്ച കേസ് മാർച്ച് 15ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ ശ്രമമാണ് പ്രധാനമായും പരിഗണിക്കുന്നത്. കേസിൽ നോട്ടിസയച്ച കോടതി, അനിൽ മസിക്കു മറുപടി നൽകാൻ സമയം അനുവദിച്ചു.