എൻഡിഎയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച; കർഷകസമരം കുരുക്കായി, ആർഎൽഡി പെരുവഴിയിൽ
Mail This Article
ന്യൂഡൽഹി ∙ ‘ഇന്ത്യ’ മുന്നണി വിട്ട രാഷ്ട്രീയ ലോക്ദളിന്റെ എൻഡിഎ പ്രവേശനത്തിനു കർഷകസമരം വിലങ്ങുതടിയാകുന്നു. പാർട്ടി എൻഡിഎയിൽ ചേരുമെന്ന് ആർഎൽഡി നേതാവ് ജയന്ത് ചൗധരി പ്രഖ്യാപിച്ചിട്ടു രണ്ടാഴ്ചയാകാറായെങ്കിലും ബിജെപി ഔദ്യോഗികമായി അതു സ്ഥിരീകരിക്കാത്തതിനു കാരണം കർഷകസമരമാണെന്നാണ് സൂചന. കർഷകസമരം തുടരുമ്പോൾ ബിജെപിക്കൊപ്പം ചേർന്നാൽ പശ്ചിമ യുപിയിൽ രാഷ്ട്രീയമായ തിരിച്ചടിയുണ്ടാകുമോ എന്ന് ആർഎൽഡിക്കും ആശങ്കയുണ്ട്.
Read Also: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന് കൂടുതല്‍ നിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളും; ഉത്തരവിറങ്ങി...
ഹരിയാന അതിർത്തിയിൽ യുവകർഷകൻ കൊല്ലപ്പെട്ടതോടെ ബിജെപി പ്രതിരോധത്തിലാണ്. കരിമ്പുകർഷകർക്ക് ചരിത്രത്തിലെ വലിയ ന്യായവില കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭാ യോഗം പ്രഖ്യാപിച്ചതടക്കം നടപടികൾ സമന്വയത്തിന്റെ അന്തരീക്ഷമൊരുക്കാനാണ്.
ജയന്ത് ചൗധരിയുടെ പിതാവ് അജിത് സിങ് പ്രതിനിധീകരിച്ചിരുന്ന ബാഗ്പത് ലോക്സഭാ മണ്ഡലവും കിഴക്കൻ യുപിയിലെത്തന്നെ ബിജ്നോറും ഒരു രാജ്യസഭാ സീറ്റും ആർഎൽഡിക്കു ബിജെപി വാഗ്ദാനം ചെയ്തിരുന്നു. മഥുര, ഖൈറാന മണ്ഡലങ്ങൾ കൂടി വേണമെന്നാണ് ആർഎൽഡിയുടെ താൽപര്യമെന്നും അതിൽത്തട്ടിയാണ് ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതെന്നുമാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. എന്നാൽ, അതിനപ്പുറം കർഷകസമരം നീളുന്നതാണ് ആർഎൽഡിയെ വിഷമിപ്പിക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു.
പശ്ചിമ യുപിയാണ് ആർഎൽഡിയുടെ ശക്തികേന്ദ്രം. കഴിഞ്ഞതവണ കർഷകപ്രക്ഷോഭത്തിന്റെ മുൻപന്തിയിലായിരുന്ന ആർഎൽഡി ബിജെപിയുടെ അടിവേരിളക്കുമെന്നാണ് അന്ന് പ്രഖ്യാപിച്ചത്. മുസ്‌ലിം വോട്ടുകളും ആർഎൽഡിക്കു ലഭിക്കാറുണ്ട്. അതു നഷ്ടമാകുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്.
മിനിമം താങ്ങുവില അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമുണ്ടാകണമെന്ന് ആർഎൽഡി നേതൃത്വം ആവശ്യപ്പെട്ടതായും അറിയുന്നു. എന്നാൽ, ആർഎൽഡി അത്തരം ആവശ്യങ്ങളൊന്നും മുന്നോട്ടുവച്ചിട്ടില്ലെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.