വേഷത്തിന്റെ പേരിൽ കന്യാസ്ത്രീയെ ബസിൽനിന്ന് ഇറക്കിവിട്ടു
Mail This Article
ന്യൂഡൽഹി ∙ മേഘാലയ സ്വദേശിയായ കന്യാസ്ത്രീയെ അസമിൽ അപമാനിച്ച സംഭവത്തിൽ പ്രതിഷേധം. മേഘാലയ നിയമസഭയിലും വിഷയം ചർച്ചയായി. കർശന നടപടി വേണമെന്ന് പ്രതിപക്ഷ, ഭരണകക്ഷി അംഗങ്ങൾ ആവശ്യപ്പെട്ടു. സംഭവത്തിൽ മേഘാലയ മുഖ്യമന്ത്രിയോട് ആശങ്ക അറിയിച്ചുവെന്ന് ടൂറ രൂപത സഹായ മെത്രാൻ ജോസ് ചിറക്കൽ ‘മനോരമ’യോടു പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ സംഭവത്തിന്റെ ഗൗരവം അറിയിച്ചതായി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ അറിയിച്ചു. സംഭവത്തിൽ നടപടിയുണ്ടാകുമെന്നും ഉറപ്പുനൽകി.
മേഘാലയയിൽ നിന്ന് അസമിലേക്കു പോയ സിസ്റ്റർ മേരി റോസിനെ 17നാണ് ബസിൽ നിന്ന് ഇറക്കിവിട്ടത്. കന്യാസ്ത്രീയുടെ മതപരമായ വേഷം അടക്കമുള്ള കാര്യത്തിൽ ബസിലുണ്ടായിരുന്ന ചില യാത്രക്കാർ പരിഹസിച്ചതിനു പിന്നാലെയാണിത്. പുരോഹിതന്മാരും കന്യാസ്ത്രീകളും മതപരമായ വേഷം ധരിക്കുന്നത് ഇവിടെ സാധാരണയാണെന്നും ഇതിന്റെ പേരിൽ പരിഹസിക്കപ്പെടുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും ബിഷപ് ജോസ് ചിറക്കൽ പറഞ്ഞു. മേഘാലയയിലെ ടൂറ ലത്തീൻ രൂപതയുടെ കീഴിലുള്ള സെന്റ് ജോൺസ് ദേവാലയത്തിലാണ് സിസ്റ്റർ മേരി പ്രവർത്തിക്കുന്നത്.