ഡൽഹിയിൽ എഎപി വഴങ്ങി; മറ്റുള്ളിടത്ത് കോൺഗ്രസും
Mail This Article
ന്യൂഡൽഹി ∙ ഡൽഹിയിൽ 3 സീറ്റ് എന്ന കോൺഗ്രസിന്റെ ആവശ്യം ആം ആദ്മി പാർട്ടി അംഗീകരിച്ചു. പകരം ഗുജറാത്തിലും ഹരിയാനയിലും അവരുടെ അസ്തിത്വം കോൺഗ്രസും അംഗീകരിച്ചു. മത്സരിക്കേണ്ട സീറ്റുകൾ സംബന്ധിച്ചുള്ള ധാരണ ഇങ്ങനെ:
∙ ഡൽഹി: എഎപിക്ക് ന്യൂഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹി; കോൺഗ്രസിന് ചാന്ദ്നി ചൗക്ക്, നോർത്ത് വെസ്റ്റ് ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി.
∙ ഹരിയാന: കുരുക്ഷേത്രയിൽ എഎപി; ബാക്കി 9 സീറ്റിൽ കോൺഗ്രസ്.
∙ ഗുജറാത്ത്: ഭറൂച്ചിനു പുറമേ ഭാവ്‌നഗറും എഎപിക്ക്; ബാക്കി 24 സീറ്റിലും കോൺഗ്രസ്.
അസമിൽ സംസ്ഥാന തല ചർച്ച തുടരും. അവിടെ ദിബ്രുഗഡ്, ഗുവാഹത്തി, സോനിത്പുർ സീറ്റുകളിൽ എഎപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ്. സൗത്ത് ഗോവയിൽ സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ച് സംസ്ഥാനത്തെ 2 സീറ്റിലും കോൺഗ്രസിനെ പിന്തുണയ്ക്കാൻ എഎപി തയാറായി. ചണ്ഡിഗഡിൽ മേയർ തിരഞ്ഞെടുപ്പിൽ രൂപപ്പെട്ട സഖ്യത്തിന്റെ തുടർച്ചയായി അവിടെ കോൺഗ്രസിനെ എഎപി പിന്തുണയ്ക്കും.
മറ്റു സംസ്ഥാനങ്ങളിൽ പൊതു സ്ഥാനാർഥിയെ നിർത്തുകയും പഞ്ചാബിൽ വെവ്വേറെ മത്സരിക്കുകയും ചെയ്യുന്നതു ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കില്ലേ എന്ന ചോദ്യത്തിനു ജനങ്ങൾ ബുദ്ധിയുള്ളവരാണെന്നായിരുന്നു എഎപി സെക്രട്ടറി സന്ദീപ് പാഠക്കിന്റെ പ്രതികരണം. ഇരു പാർട്ടികളെയും വിമർശിച്ചു ബിജെപി രംഗത്തെത്തി.
കോൺഗ്രസ്– തൃണമൂൽ വാക്പോര് വീണ്ടും
കൊൽക്കത്ത∙ ബംഗാളിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള സഖ്യശ്രമത്തിനിടയിൽ നേതാക്കൾ തമ്മിൽ വീണ്ടും വാക്പോര്. കോൺഗ്രസ് സംസ്ഥാനത്ത് ഒറ്റയ്ക്കു മത്സരിക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഖ്യം സംബന്ധിച്ച് കൃത്യമായ ഉത്തരം നൽകണമെന്നും പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ബിജെപിക്ക് ഓക്സിജൻ നൽകുന്ന പരിപാടിയാണ് അധീർ ചെയ്യുന്നതെന്ന് തൃണമൂൽ എംപി ശന്തനു സെൻ തിരിച്ചടിച്ചു. തൃണമൂൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു മമത ആവർത്തിച്ചു.
തൃണമൂൽ ആശയക്കുഴപ്പത്തിലാണെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ന്യൂനപക്ഷവോട്ടുകൾ ലഭിക്കാൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന് ഒരു വിഭാഗം തൃണമൂൽ കോൺഗ്രസുകാർ കരുതുന്നു. സഖ്യമുണ്ടാക്കിയാൽ ഇ.ഡിയും സിബിഐയും കൂടുതൽ കേസുകളുമായി എത്തുമെന്നു മറ്റൊരു വിഭാഗവും കരുതുന്നു– അദ്ദേഹം പറഞ്ഞു. 2 സീറ്റാണ് കോൺഗ്രസിനു തൃണമൂൽ വാഗ്ദാനം ചെയ്യുന്നത്. ചർച്ചകൾ തുടരുകയാണെന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.