മുസ്‍ലിം വിവാഹനിയമം പിൻവലിച്ച് അസം; ഏക വ്യക്തിനിയമം നടപ്പാക്കുന്നതിന് മുന്നോടി
Mail This Article
ന്യൂഡൽഹി ∙ ഏക വ്യക്തിനിയമം നടപ്പാക്കുന്നതിനു മുന്നോടിയായി അസമിൽ മുസ്‍ലിം വിവാഹ, വിവാഹമോചന റജിസ്ട്രേഷൻ നിയമം (1935) പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. വെള്ളിയാഴ്ച രാത്രി വൈകി നടന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം.
ഉത്തരാഖണ്ഡിനു പിന്നാലെയാണ് അസമും ഏക വ്യക്തിനിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്. അസമിലെ മുസ്‍ലിം വിവാഹനിയമമനുസരിച്ച് വധുവിനും വരനും യഥാക്രമം 18, 21 വയസ്സ് തികഞ്ഞില്ലെങ്കിലും റജിസ്ട്രേഷൻ നടത്താമെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. നിയമം പിൻവലിക്കുന്നതു ശൈശവ വിവാഹം തടയാനുള്ള നിർണായക ചുവടുവയ്പാണെന്നും പറഞ്ഞു.
നിയമം പിൻവലിക്കുന്നതോടെ നിലവിൽ 94 മുസ്‍ലിം വിവാഹ റജിസ്ട്രാർമാരുടെ പക്കലുള്ള റജിസ്ട്രേഷൻ രേഖകൾ ജില്ലാ റജിസ്ട്രാർമാർ ഏറ്റെടുക്കും. മുസ്‍ലിം വിവാഹ റജിസ്ട്രാർമാർക്ക് നഷ്ടപരിഹാരമായി 2 ലക്ഷം രൂപ വീതം നൽകും.
തീരുമാനം വിവേചനപരമാണെന്നു പ്രതിപക്ഷം ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പു വർഷത്തിൽ വോട്ടർമാരുടെ ധ്രുവീകരണമാണ് ബിജെപിയുടെ ലക്ഷ്യമെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി.
അസമിൽ ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ ഈ മാസം ആദ്യം വെളിപ്പെടുത്തിയിരുന്നു. 28നാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം അവസാനിക്കുന്നത്.