പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്നു മുതൽ
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ 3 ക്രിമിനൽ നിയമ ചട്ടങ്ങൾക്കു പകരമായുള്ള ‘ഭാരതീയ’ നിയമങ്ങൾ ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വരും. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി), ഇന്ത്യൻ തെളിവു നിയമം എന്നിവയുടെ പേരുകൾ സംസ്കൃതത്തിലാകുന്നതിനൊപ്പം, അവയിലെ വിവിധ വ്യവസ്ഥകളിലും മാറ്റം വരും. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനങ്ങളിറക്കി. എന്നാൽ, ജൂലൈ ഒന്നിനു മുൻപ് റജിസ്റ്റർ ചെയ്യുന്ന കേസുകളിലെ നടപടികൾ നിലവിലെ വ്യവസ്ഥയനുസരിച്ചു തുടരും.
ഐപിസിക്കു പകരമുള്ള ‘ഭാരതീയ ന്യായ സംഹിത’യിൽ അപകടമരണവുമായി ബന്ധപ്പെട്ട് 106 (2) വകുപ്പു മാത്രം ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വരില്ല. വാഹനാപകടത്തെത്തുടർന്ന് ഡ്രൈവർ കടന്നുകളയുകയും അപകടത്തിൽപെട്ടയാൾ മരിക്കുകയും ചെയ്താൽ ഡ്രൈവർക്ക് 10 വർഷം വരെ തടവുശിക്ഷ നൽകുന്ന വകുപ്പാണിത്. ഐപിസിയിൽ ഇത് 2 വർഷമായിരുന്നു. ശിക്ഷ കടുപ്പിക്കുന്നതിനെതിരെ ട്രക്ക് ഡ്രൈവർമാർ രാജ്യവ്യാപകമായി പ്രതിഷേധമുയർത്തിയതിനെ തുടർന്ന് ഓൾ ഇന്ത്യ മോട്ടർ ട്രാൻസ്പോർട്ട് കോൺഗ്രസുമായി കൂടിയാലോചന നടത്തിയശേഷമേ ഇതു നടപ്പാക്കൂ എന്ന് കേന്ദ്രം ഉറപ്പുനൽകിയിരുന്നു.
നിയമങ്ങളുടെ പേരുമാറ്റം ഇങ്ങനെ
∙ ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി 1860): ഭാരതീയ ന്യായ സംഹിത 2023
∙ ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി 1898, 1973): ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023
∙ ഇന്ത്യൻ തെളിവു നിയമം (1872): ഭാരതീയ സാക്ഷ്യ അധിനിയമം 2023