ADVERTISEMENT

ന്യൂഡൽഹി ∙ ഒരു കേസ് ഏതെങ്കിലും പ്രത്യേക ബെഞ്ചിനു മുന്നിലെത്തിയാൽ ഫലമെന്താകുമെന്നു പ്രവചിക്കാൻ കഴിയുന്ന അവസ്ഥ രൂപപ്പെടുന്നതായി വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരുടെ വിമർശനം. ജസ്റ്റിസ് മദൻ ബി. ലോക്കൂർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവരാണ് വിമർശനം ഉന്നയിച്ചത്. ക്യാംപയ്ൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് എന്ന കൂട്ടായ്മയുടെ നടത്തിയ സെമിനാറിലായിരുന്നു നിരീക്ഷണം. 

‘ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സംബന്ധിച്ച കേസ് എല്ലാവരും കണ്ടതാണ്. ഏറെക്കാലമായി കേസ് ലിസ്റ്റ് ചെയ്തിരുന്നില്ല. 13 തവണ വിഷയം മാറ്റിവച്ചു. ഒടുവിൽ, ഹർജി പിൻവലിക്കാൻ ആഗ്രഹിക്കുന്നതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. കാരണം ഹർജിയിൽ ഫലമെന്തായിരിക്കാമെന്ന് അവർക്ക് അറിയാമായിരുന്നു. ആ കേസിന്റെ വിധി അവർക്ക് അറിയാമായിരുന്നു’ കോടതികളിൽ കേസ് ലിസ്റ്റ് ചെയ്യുന്ന രീതിയെ വിമർശിച്ച് ജസ്റ്റിസ് മദൻ ബി. ലോക്കൂർ പറഞ്ഞു. 

കേസുകൾ ലിസ്റ്റ് ചെയ്യുന്ന രീതിയിലെ ഏകപക്ഷീയത അവസാനിപ്പിക്കണം. കേസ് ലിസ്റ്റ് ചെയ്യുന്നതിന് കംപ്യൂട്ടർ അധിഷ്ഠിത സംവിധാനത്തെ ഏൽപ്പിക്കുന്നത് സുതാര്യത കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രീം കോടതിയിലെ മുതിർന്ന 3 ജഡ്ജിമാരെങ്കിലുമാകണം ജോലിവിഭജന ചുമതല (മാസ്റ്റർ ഓഫ് റോസ്റ്റർ) കൈകാര്യം ചെയ്യേണ്ടതെന്നും ഭരണഘടനാ പ്രാധാന്യമുള്ള വിഷയങ്ങൾക്കായി ബെഞ്ചുകൾ രൂപീകരിക്കുമ്പോൾ പ്രാദേശിക, ലിംഗ അടിസ്ഥാനത്തിലുള്ള വൈവിധ്യം ഉറപ്പാക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. റിട്ട ജസ്റ്റിസുമാരായ എ.പി. ഷാ, രേഖാ ശർമ, മുതിർന്ന അഭിഭാഷകരായ മീനാക്ഷി അറോറ, പ്രശാന്ത് ഭൂഷൻ, ഗൗതം ഭാട്ടിയ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Predictable Condition for Certain Judgments says former Judges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com