കോൺഗ്രസ്–എഎപി തർക്കം; രാഹുൽ മഞ്ഞുരുക്കി
Mail This Article
ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ എസ്പിയുമായി സഖ്യമുണ്ടാക്കാൻ പ്രിയങ്ക ഗാന്ധിയാണ് ഇടപെട്ടതെങ്കിൽ എഎപിയുടെ കാര്യത്തിൽ രാഹുൽ ഗാന്ധിയായിരുന്നു പിന്നണിയിൽ. ഒരു ഘട്ടത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ വഴിമുട്ടുകയും ഡൽഹിയിൽ ഒരു സീറ്റു മാത്രമേ കോൺഗ്രസിനു നൽകൂ എന്ന വാശിയിൽ എഎപി നിലകൊള്ളുകയും ചെയ്തിരുന്നു. എന്നാൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കേജ്‌രിവാളുമായി ഫോണിലൂടെ നടത്തിയ ചർച്ചയിൽ മഞ്ഞുരുകി.
പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയുടെ വസതിയിൽ നടന്ന വിരുന്നിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും അരവിന്ദ് കേജ്‌രിവാളും ഒരുമിച്ചു പങ്കെടുത്തതോടെ സീറ്റ് വിഭജന ചർച്ചകൾക്കു വേഗമേറി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ ഒത്തുതീർപ്പു ധാരണകൾ രൂപപ്പെടുകയായിരുന്നു.
ഡൽഹിയിൽ 5 സീറ്റ് വേണമെന്നായിരുന്നു എഎപിയുടെ നിലപാട്. എന്നാൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 5 മണ്ഡലങ്ങളിൽ രണ്ടാമതെത്തിയതുൾപ്പെടെ വാദങ്ങൾ കോൺഗ്രസ് ഉയർത്തി. വ്യക്തിപരമായി ഏറെ ബന്ധമുള്ള ഗുജറാത്തിലെ ബറൂച്ച് മണ്ഡലം വിട്ടുനൽകാൻ കോൺഗ്രസ് തയാറായതും അനുകൂലമായി.
ഡൽഹിയിൽ ഈസ്റ്റ് ഡൽഹി മണ്ഡലം കോൺഗ്രസിനു നൽകാമെന്നായിരുന്നു എഎപിയുടെ ആദ്യ വാഗ്ദാനം. എന്നാൽ നോർത്ത് ഈസ്റ്റ് മണ്ഡലത്തിലും ഈസ്റ്റ് ഡൽഹിയിലും മത്സരിക്കുന്നതിനോടു പാർട്ടി താൽപര്യം കാട്ടിയില്ല. തുടർന്നാണു നോർത്ത് വെസ്റ്റിലേക്കെത്തിയത്.
ഒരു വനിതാ സ്ഥാനാർഥിയെയും ദലിത് വിഭാഗത്തിൽ നിന്നുള്ള ഒരാളെയും കോൺഗ്രസ് ഡൽഹിയിൽ മത്സരിപ്പിക്കുമെന്നാണു വിവരം. എഎപിയിൽ നിന്നു തിരികെ കോൺഗ്രസിലെത്തിയ അൽക്ക ലാംബ ചാന്ദ്നി ചൗക്കിൽ നിന്നു മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ മുന്നണിയിൽ നിന്നു വിട്ടുപോകുമെന്ന് ഇടക്കാലത്തു സൂചനകൾ നൽകിയിരുന്ന എഎപി സഖ്യത്തിന്റെ ഭാഗമായി സീറ്റ് വിഭജനം പൂർത്തിയാക്കിയെന്നതു പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. ബിഹാർ, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി.
ബറൂച്ച് മണ്ഡലം എഎപിക്കു വിട്ടുനൽകാൻ കോൺഗ്രസ് തീരുമാനിച്ചുവെങ്കിലും മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർ അതൃപ്തരാണെന്നും കേന്ദ്രനേതാക്കളുമായി സംസാരിക്കുമെന്നും അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മക്കൾ പ്രതികരിച്ചു.