ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ പൂജ തുടരാമെന്ന് ഹൈക്കോടതി
Mail This Article
പ്രയാഗ്‌രാജ് (യുപി) ∙ വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ തെക്കേ അറയിൽ (വ്യാസ്ജി കാ തെഹ്ഖാന) പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജികൾ അലഹാബാദ് ഹൈക്കോടതി തള്ളി. മതസ്വാതന്ത്രത്തിനുള്ള ഭരണഘടനാപരമായ മൗലികാവകാശം എടുത്തുകളയാനാകില്ലെന്നു ജസ്റ്റിസ് രോഹിത് ആർ.അഗർവാളിന്റെ വിധിന്യായത്തിൽ പറയുന്നു.
ഹിന്ദുവിഭാഗത്തിൽനിന്നുള്ള വ്യാസ് കുടുംബം 1993 വരെ കൈവശം വച്ചിരുന്ന അറയാണിതെന്നും ഇവിടെ മതപരമായ ചടങ്ങുകൾ നടത്തിയിരുന്നുവെന്നുമുള്ള വാദം കോടതി ശരിവച്ചു. 1993 ൽ യുപി സർക്കാർ ഇവിടെ പൂജയ്ക്കുള്ള അനുമതി തടഞ്ഞു. ഇതിനെതിരെ 31 വർഷം വൈകിയാണ് ഹർജി ഫയൽ ചെയ്തതെന്നു മസ്ജിദ് കമ്മിറ്റി വാദിച്ചെങ്കിലും ഹൈക്കോടതി പരിഗണിച്ചില്ല.
വ്യാസ് കുടുംബത്തിന്റെ ഹർജിയിൽ ഇക്കൊല്ലം ജനുവരി 17നു ജില്ലാ കോടതി ഇവിടെ റിസീവർ (കലക്ടർ) ഭരണം ഏർപ്പെടുത്തുകയും പൂജയ്ക്കായി 31നു തുറന്നുകൊടുക്കാൻ ഉത്തരവിടുകയുമായിരുന്നു. 17നു രാത്രിതന്നെ പൂജ തുടങ്ങുകയും ചെയ്തു. ഹൈക്കോടതി വിധി പഠിച്ചശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്നു മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി.