അഴിമതിക്കേസിൽ തമിഴ്നാട് മന്ത്രിക്ക് വീണ്ടും വിചാരണ
Mail This Article
ചെന്നൈ ∙ അഴിമതിക്കേസിൽ തമിഴ്നാട് മന്ത്രി ഐ.പെരിയസാമിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി, വീണ്ടും വിചാരണ നടത്താൻ ഉത്തരവിട്ടു. വിധിയിൽ പ്രകടമായ വീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ ഉത്തരവ്. 28 ന് പ്രത്യേക കോടതിയിൽ ഹാജരായി മന്ത്രി ഒരു ലക്ഷം രൂപയുടെ ജാമ്യമെടുക്കണം. ദിവസേന വാദം കേട്ട് ജൂലൈ മാസത്തിനുള്ളിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു.
2008ൽ ഭവന വകുപ്പു മന്ത്രിയായിരിക്കെ, അന്നത്തെ മുഖ്യമന്ത്രി എം.കരുണാനിധിയുടെ അംഗരക്ഷകന് ഹൗസിങ് ബോർഡിന്റെ വീട് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2012ൽ അണ്ണാഡിഎംകെ ഭരണകാലത്തു റജിസ്റ്റർ ചെയ്ത കേസ് വിജിലൻസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി മന്ത്രിയെ കുറ്റവിമുക്തനാക്കി.
പിന്നീട്, ഹൈക്കോടതി സ്വമേധയാ കേസ് എടുത്താണ് വിധി പുനഃപരിശോധിച്ചത്. മന്ത്രിമാരായ കെ.െക.എസ്.എസ്.ആർ. രാമചന്ദ്രൻ, തങ്കം തെന്നരശ്, മുൻ മന്ത്രി കെ.പൊൻമുടി, മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം, മുൻ മന്ത്രി ബി.വളർമതി എന്നിവർക്ക് അനുകൂലമായുള്ള വിധികളും ഹൈക്കോടതി പുനഃപരിശോധിച്ചുവരികയാണ്.